മന്ത്രിയുടെ വീട് നോക്കാനേല്പിച്ച പാർട്ടി ലോക്കൽ സെക്രട്ടറിക്ക് നിർബന്ധിത അവധി നൽകി

കോട്ടയം: മന്ത്രി പി. രാജീവിന്റെ ഭാര്യയുടെ പേരിലുള്ള വീട് നോക്കാനേൽപ്പിച്ച സിപിഎം ലോക്കൽ സെക്രട്ടറിക്ക് നിർബന്ധിത അവധി നൽകി സി.പി.എം. മന്ത്രിയുടെ വീട് ദുരുപയോ​ഗം ചെയ്തെന്ന ആക്ഷേപത്തെത്തുടർന്നാണു നടപടി. വൈക്കം നോർത്ത് ലോക്കൽ സെക്രട്ടറിയും ഏരിയാ കമ്മിറ്റിയംഗവുമായ എം. സുജിനെതിരെ വേറേയും രാതികളുണ്ട്. സംസ്ഥാനകമ്മിറ്റിയംഗം അഡ്വ. കെ. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള കമ്മീഷൻ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ജില്ലാ നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരം നടപടി.
സുജിനെതിരെ ജനാധിപത്യമഹിളാ അസോസിയേഷൻ പ്രാദേശിക നേതാവിന്റെ ഭർത്താവ് പാർട്ടി ജില്ലാ നേതൃത്വത്തിന് പരാതി നൽകിയിരുന്നു. ഇതിനെത്തുടർന്നാണ് അന്വേഷണക്കമ്മീഷനെ വച്ചത്. അന്വേഷണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി. മാത്രമല്ല മന്ത്രി പി.രാജീവ് നോക്കാനേൽപ്പിച്ച വീട് സുജിൻ ദുരുപയോഗം ചെയ്തെന്നും കണ്ടെത്തി. രാജീവിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ളതാണ് വൈക്കത്തെ വീട്. അവിടെ കൃഷി ഉൾപ്പെടെയുള്ള കാര്യങ്ങൾ സുജിന്റെ നേതൃത്വത്തിൽ നടത്തിയിരുന്നു. സഹായിയായി യുവതിയെയും കൂട്ടി. പരാതിയെത്തുടർന്ന് സുജിനിൽ നിന്ന് മന്ത്രി താക്കോൽ തിരിച്ചുവാങ്ങുകയും ചുമതല മറ്റൊരാളെ ഏല്പിക്കുകയും ചെയ്തു.
ഇതിനുപിന്നാലെയാണ് നിർബന്ധിത അവധിയിൽ പോകാൻ നേതൃത്വം നിർദ്ദേശിച്ചത്. ഇതിനുപുറമേ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവിനെ സംഘടനാ സ്ഥാനങ്ങളിൽ നിന്നെല്ലാം ഒഴിവാക്കുകയും ചെയ്തു. പ്രശ്നം പുറത്തറിയാതിരിക്കാൻ സി.പി.എം. പ്രാദേശിക നേതൃത്വം തന്ത്രപരമായ നീക്കം നടത്തിയെന്നും ആക്ഷേപമുണ്ട്. വൈക്കം സൗത്ത് ലോക്കൽ സെക്രട്ടറി ജയരാജ് വീടുനിർമ്മാണവുമായി ബന്ധപ്പെട്ട് അവധി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ജയരാജിന് അവധി അനുവദിക്കുന്നതിനൊപ്പംതന്നെ സുജിനെ അവധിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരിക്കുകയാണിപ്പോൾ. സുജിൻ അസുഖത്തെ തുടർന്നും ജയരാജ് വീടുപണിയുടെ ആവശ്യവുമായി ബന്ധപ്പെട്ടും അവധി ചോദിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് അവധി നൽകിയത്. അതേസമയം, സുജിനെതിരെ നടക്കുന്നത് വെറും ആരോപണം മാത്രമാണെന്നും ഏരിയാ സെക്രട്ടറി കെ. അരുണൻ പറഞ്ഞു.

Exit mobile version