മകരവിളക്ക്‌ : ഒരുക്കങ്ങൾ പൂർത്തിയായി.

ശബരിമല:മകരവിളക്കുദിവസമായ ശനിയാഴ്ച തീർഥാടകർക്ക്‌ സന്നിധാനത്തേക്കുള്ള പ്രവേശനസമയം 12 വരെയാക്കി ചുരുക്കി. 12നുശേഷം തീർഥാടകരെ പമ്പയിൽനിന്ന് കടത്തിവിടില്ല. മകരസംക്രമ പൂജ 14ന് രാത്രി 8.45ന് നടക്കും. ഞായറാഴ്ച വീണ്ടും പ്രവേശനം അനുവദിക്കും. മകരവിളക്കിനുമുന്നോടിയായുള്ള ഒരുക്കങ്ങൾ സന്നിധാനത്ത് പൂർത്തിയായി. ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കും. സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും തിരക്കുനിയന്ത്രിക്കാൻ നടപടി സ്വീകരിച്ചു. വ്യൂ പോയിന്റുകളിൽ ശക്തമായ സുരക്ഷയൊരുക്കാൻ ശബരിമല എഡിഎം പി വിഷ്ണുരാജിന്റെ നേതൃത്വത്തിൽ ചേർന്ന വിവിധ വകുപ്പുകളുടെ ഏകോപനയോഗത്തിൽ തീരുമാനിച്ചു. പാണ്ടിത്താവളത്ത് 26,000 പേർക്കും ശ്രീകോവിൽ പരിസരത്ത് 3000 പേർക്കും തങ്ങാനാകും. ബാരിക്കേഡുകൾ, വെളിച്ച സൗകര്യങ്ങൾ, വൈദ്യസഹായം, കുടിവെള്ളം, സ്‌ട്രെച്ചറുകൾ, ഓക്‌സിജൻ സിലിണ്ടറുകൾ തുടങ്ങിയവ ഏർപ്പെടുത്തും. തിരക്ക് ക്രമീകരിക്കാനും തീർഥാടകർക്ക്‌ കുടിവെള്ളം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭ്യമാക്കാനും സന്നിധാനത്തെ മുഴുവൻ സന്നദ്ധ പ്രവർത്തകരുടെയും സേവനം വിനിയോഗിക്കും.

Exit mobile version