ഭൂമി വിട്ടുകിട്ടിയാൽ പാർവതി മില്ലിൽ പുതിയ പദ്ധതി നടപ്പാക്കുമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ.

കൊല്ലം: കേന്ദ്രസർക്കാർ ഭൂമി വിട്ടുനൽകിയാൽ അടഞ്ഞുകിടക്കുന്ന കൊല്ലം പാർവതി മില്ലിൽ സംസ്ഥാന സർക്കാർ പുതിയ പദ്ധതി നടപ്പാക്കുമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. സിഐടിയു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി  ‘ഇല്ലാതാകുന്ന പൊതുമേഖല, ബദലിനായുള്ള പോരാട്ടങ്ങൾ’ എന്ന വിഷയത്തിൽ ചൊവ്വാഴ്‌ച ചിന്നക്കടയിൽ നടന്ന സെമിനാർ ഉദ്‌ഘാടനംചെയ്യുകയായിരുന്നു മന്ത്രി. നാഷണൽ ടെക്‌സ്റ്റൈൽസ്‌ കോർപറേഷന്റെ (എൻടിസി) കൈവശമാണ്‌ മില്ലും ഭൂമിയും. കേന്ദ്രനയം കാരണം പൊതുമേഖലാ സ്ഥാപനങ്ങൾ വലിയ തകർച്ചയിലാണ്‌. കൊല്ലം നഗരമധ്യത്തിൽ ഇന്ന്‌ പാർവതിമിൽ നശിച്ചുകൊണ്ടിരിക്കുകയാണ്‌. കോടികൾ വിലവരുന്ന ഏക്കർകണക്കിന്‌ ഭൂമി കാടുകയറിയ അവസ്ഥയിലുമാണ്‌. സംസ്ഥാന സർക്കാർ പലവട്ടം മിൽ ഏറ്റെടുക്കാനുള്ള സന്നദ്ധത കേന്ദ്രത്തെ അറിയിച്ചിട്ടുള്ളതാണ്‌. ഭൂമി വിട്ടുതരണമെന്ന്‌ ആവശ്യപ്പെട്ട്‌ ഒട്ടേറെ കത്തെഴുതി. നേരിട്ടും ആവശ്യപ്പെട്ടിട്ടുള്ളതാണ്‌. വിട്ടുകിട്ടിയാൽ ഏറ്റെടുക്കാൻ തയ്യാറാണെന്നും മറ്റൊരു പൊതുമേഖലാ സംരംഭം ഉൾപ്പെടെ സംസ്ഥാന സർക്കാർ നടപ്പാക്കുമെന്നും കെ എൻ ബാലഗോപാൽ അറിയിച്ചു. ധനമന്ത്രിയുടെ പ്രഖ്യാപനത്തെ വേദിയും സദസ്സും ഹർഷാരവത്തോടെയാണ്‌ വരവേറ്റത്‌. ഭൂമി വിട്ടുകിട്ടാനുള്ള പരിശ്രമം തുടരുമെന്നും മന്ത്രി വെളിപ്പെടുത്തി.   കൊല്ലം തുറമുഖത്തിന്റെ വികസനത്തിന്‌ നിലവിലെ ബജറ്റിലും 30 കോടി രൂപ വകയിരുത്തിയിട്ടുണ്ട്‌. അവിടെ അടിസ്ഥാന വികസനത്തിന്‌ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്‌. എമിഗ്രേഷൻ ചെക്ക്‌ പോയിന്റ്‌ യാഥാർഥ്യമാകുന്നതോടെ വിദേശ ചരക്കുകപ്പൽ മാത്രമല്ല, യാത്രാക്കപ്പലുകൾക്കും ആഡംബരക്കപ്പലുകൾക്കും വന്നുപോകാനാകും. ഇത്‌ പുതിയ വികസനസാധ്യതകൾ തുറക്കുമെന്നും മന്ത്രി പറഞ്ഞു. യുഡിഎഫ്‌ കാലത്ത്‌ നഷ്ടത്തിലായ ചവറ കെഎംഎംഎല്ലിന്റെ ഓഹരികൾ വിൽക്കാൻ വച്ചതാണ്‌. എന്നാൽ, ഇപ്പോൾ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ ആ പൊതുമേഖലാ സ്ഥാപനത്തെ ലാഭത്തിലാക്കാൻ കഴിഞ്ഞുവെന്നും ബാലഗോപാൽ പറഞ്ഞു. യുഡിഎഫ്‌ മന്ത്രിസഭയിൽ തൊഴിൽ മന്ത്രിയായിരുന്ന ബാബു ദിവാകരനാണ്‌ പാർവതി മില്ലിന്റെ സ്ഥലം എൻടിസിക്കു കൈമാറിയത്‌. അതുവരെ സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലായിരുന്നു സ്ഥലം. മിൽ നടത്തിപ്പുമാത്രമാണ്‌ എൻടിസിക്ക്‌ ഉണ്ടായിരുന്നത്‌.

Exit mobile version