ഭക്ഷ്യവിഷബാധയേറ്റ് മരണം: രശ്‌മിക്ക്‌ നാട്‌ വിട നൽകി.

കോട്ടയം: സംക്രാന്തി മലപ്പുറം കുഴിമന്തി ഹോട്ടലിൽ(ഹോട്ടൽ പാർക്ക്‌) നിന്നും അൽഫാം കഴിച്ച്‌ മരിച്ച നഴ്‌സ്‌ കിളിരൂർ, പാലത്തറ രശ്‌മി രാജിന്‌(33) കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ചൊവ്വാഴ്‌ച മെഡിക്കൽകോളേജ്‌ ആശുപത്രിയിൽ പോസ്‌റ്റ്‌മോർട്ടത്തിനുശേഷം പകൽ ഒന്നോടെ മൃതദേഹം ബന്ധുക്കൾക്ക്‌ വിട്ടുകൊടുത്തു.    മെഡിക്കൽകോളേജിൽ പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ ആർഎംഒ ഡോ. ലിജോ, ഡെപ്യൂട്ടി സൂപ്രണ്ട്‌ ഡോ. രതീഷ്‌, കെജിഎൻഎ ജില്ലാ സെക്രട്ടറി കെ ആർ രാജേഷ്‌, ജില്ലാ പ്രസഡന്റ്‌ മാത്യു ജെയിംസ്‌, കെജിഎൻഎ സംസ്ഥാന സെക്രട്ടറിയറ്റംഗം ഹേന ദേവദാസ്‌, സംസ്ഥാന കമ്മിറ്റി അംഗം സി സി ജയശ്രീ എന്നിവരും വിവിധ വിഭാഗങ്ങളിലെ ജീവനക്കാരും  അന്തിമോപചാരം അർപ്പിച്ചു. രണ്ടോടെ വീട്ടിൽ എത്തിച്ച മൃതദേഹത്തിൽ നൂറുകണക്കിനാളുകൾ അന്തിമോപചാരം അർപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസൽ  അന്തിമോപചാരം അർപ്പിച്ചു. വൈകിട്ട്‌ വീട്ടുവളപ്പിൽ സംസ്‌കരിച്ചു.  മെഡിക്കൽകോളേജിൽ ട്രോമ കെയർ ഐസിയുവിലായിരുന്നു രശ്‌മി ജോലിചെയ്‌തിരുന്നത്‌. 29ന്‌ മെഡിക്കൽ കോളേജ്‌ നേഴ്‌സിങ് ഹോസ്‌റ്റലിലേക്ക്‌ സംക്രാന്തിയിലെ ഹോട്ടലിൽനിന്ന്‌ ഓർഡർചെയ്‌ത്‌ വരുത്തിയാണ്‌ അൽഫാം കഴിച്ചത്‌. ഭക്ഷണം കഴിച്ചയുടൻ  ചർദ്ദിയും, വയറിളക്കവും ഉണ്ടായി. തുടർന്ന്‌ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വയറ്റിൽ അണുബാധ സ്ഥിരീകരിച്ചു. ഉടൻ ട്രോമ കെയർ ഐസിയുവിലേക്ക്‌ മാറ്റി. വൃക്ക, കരൾ അടക്കമുള്ള അവയവങ്ങൾക്ക്‌ അണുബാധയേറ്റു. സ്ഥിതി വഷളായതിനെതുടർന്ന്‌ വെന്റിലേറ്ററിലേക്ക്‌ മാറ്റി. തിങ്കളാഴ്‌ച വൈകിട്ട്‌ ഏഴോടെ മരിച്ചു. ഭർത്താവ്‌ തിരുവനന്തപുരം പ്ലാമുട്ടുക്കട തോട്ടത്തുവിളാക്കത്ത്‌ വിനോദ്‌ കുമാർ. ഇവിടെനിന്ന്‌ ഭക്ഷണംകഴിച്ച 26 പേർക്ക്‌കൂടി  ഭക്ഷ്യവിഷബാധ ഏറ്റിട്ടുണ്ട്‌. രശ്‌മി കെജിഎൻഎ അംഗമായിരുന്നു.

Exit mobile version