ലഖ്നൊ: ഭീം റാവു അംബേദ്കറിന്റെ പേര് മാറ്റിക്കൊണ്ട് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഉത്തരവ്. ഭീം റാവു അംബേദ്കറിന്റെ പേരിന്റെ മധ്യത്തില്‍ രാംജി എന്ന് കുട്ടിച്ചേര്‍ത്തുകൊണ്ടാണ് യുപി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയിട്ടുള്ളത്. യുപി ഗവര്‍ണര്‍ രാം നായിക്കിന്റെ ഉപദേശം മാനിച്ചാണ് സര്‍ക്കാര്‍ നീക്കം. അംബേദ്കറിന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് നേരത്തെ യുപി ഗവര്‍ണര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സമീപിച്ചിരുന്നു. 2017ലാണ് അംബേദ്കറിന്റെ പേര് മാറ്റുന്നതിനുള്ള ക്യാമ്പെയിനിന് തുടക്കം കുറിച്ചത്. ഡോ. ഭീം റാവു രാംജി അംബേദ്കര്‍ എന്ന പേരിലുള്ള ഒപ്പും റാം നായിക്ക് നല്‍കിയിരുന്നു. അംബേദ്കറിന്റെ പേരില്‍ മാറ്റം വരുത്തുന്നതിന്റെ നീക്കങ്ങളുടെ ഭാഗമായിരുന്നു ഇത്. അദ്ദേഹത്തിന്റെ പേരാണ് പേരിന് മധ്യത്തില്‍ ഇടംപിടിച്ച രാംജി എന്നത്.
അംബേദ്കറിന്റെ പുതിയ പേര് ഉള്‍പ്പെടുത്താന്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും യുപി സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പഴയതും പുതിയതുമായ രേഖകളിലും ഇതോടെ പുതിയ പേര് തന്നെയായിരിക്കും പ്രത്യക്ഷപ്പെടുക. ഇതോടെ സംസ്ഥാനത്തെ എല്ലാ രേഖകളിലും ഇന്ത്യന്‍ ഭരണഘടനയുടെ പിതാവായിരുന്ന അംബേദ്കറിന്റെ പേര് ഭീം റാവു റാംജി അംബേദ്ക്കര്‍ എന്നാക്കി മാറ്റുകയും ചെയ്യും.