പോപ്പുലർ ഫ്രണ്ട് നിരോധനം; തലസ്ഥാനത്ത് ഉന്നതതല യോ​ഗം

തിരുവനന്തപുരം: മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോഗം പൊലീസ് ആസ്ഥാനത്ത് ഇന്ന് ചേരും. പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് ശേഷമുള്ള സാഹചര്യം വിലയിരുത്താനാണ് യോ​ഗം വിളിച്ചിരിക്കുന്നത്. ലഹരിക്കെതിരായ പ്രചാരണ പരിപാടികൾ, ഓരോ ജില്ലയിലെയും ക്രമസമാധാന നില തുടങ്ങിയുളള കാര്യങ്ങൾ പ്രധാന ചർച്ചയാകും. ക്രമസമാധാന ചുമതലയുള്ള എസ്പിമാർ മുതലുള്ളവരാണു യോ​ഗത്തിൽ പങ്കെടുക്കുന്നത്.
മുഖ്യമന്ത്രിയുമായുളള യോഗത്തിന് മുമ്പ് ഡിജിപി ഉദ്യോഗസ്ഥ യോഗം ചേർന്ന് കാര്യങ്ങൾ അവലോകനം ചെയ്തിരുന്നു. അതേസമയം സംസ്ഥാനത്ത് പിഎഫ്ഐ ഓഫീസുകളിൽ പൊലീസ് പരിശോധന തുടരുകയാണ്. പിഎഫ്ഐയുടെ ആസ്ഥാനമുൾപ്പെടെ കഴിഞ്ഞ ദിവസം വിവിധ ഓഫീസുകൾ പൊലീസ് പൂട്ടി സീൽ ചെയ്തു. എൻഐഎയുടെ നേതൃത്വത്തിലായിരുന്നു കോഴിക്കോട്ടെ സംസ്ഥാന സമിതി ഓഫീസായ യൂണിറ്റി സെൻറർ അടക്കമുള്ളവ പൊലീസ് സീൽ ചെയ്തത്.
പോപ്പുലർഫ്രണ്ട് നിരോധനം കൂടാതെ സംസ്ഥാനത്ത് വർധിച്ച് വരുന്ന മയക്കുമരുന്ന് ഉപയോഗം സംബന്ധിച്ചും ഉന്നതതലയോഗത്തിൽ ചർച്ച ചെയ്യും. സംസ്ഥാന സർക്കാരിൻറെ ലഹരി വിരുദ്ധ പ്രചരണ പരിപാടികൾക്ക് നാളെ തുടക്കമാവുകയാണ്. കുട്ടികളിലെ ലഹരി വ്യാപനം തടയാനായി ഒരു ലക്ഷത്തി എൺപതിനായിരം അധ്യാപകർക്കാണ് എക്സൈസും വിദ്യാഭ്യാസ വകുപ്പും ചേർന്ന് പരിശീലനം നൽകിയതായി എക്സൈസ് കമ്മീഷണർ പറഞ്ഞു. ലഹരിക്കെരിരെ വിവിധ ഏജൻസികളും പൊതുജനങ്ങളും കൈകോർക്കുന്ന ബൃഹത് പദ്ധതിയാണ് സർക്കാർ ലക്ഷ്യമിടുന്നത്.

Exit mobile version