പൊലീസിലെ ക്രിമിനലുകൾ, പ്രാഥമിക പട്ടികയിൽ 20 പേർ; ഉടൻ നടപടി.

തിരുവനന്തപുരം : ബലാത്സംഗം, പോക്‌സോ, മോഷണം, കൈക്കൂലി തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്‌ത 20 പൊലീസുദ്യോഗസ്ഥർക്കെതിരെകൂടി കടുത്ത നടപടി വരുന്നു. പൊലീസ്‌ മേധാവിയുടെ നിർദേശപ്രകാരം തയ്യാറാക്കിയ എസ്‌ഐ മുതൽ ഡിവൈഎസ്‌പി വരെയുള്ളവരുടെ പ്രാഥമിക പട്ടികയിലെ വിവരങ്ങൾ പൊലീസ്‌ ആസ്ഥാനത്ത്‌ പരിശോധിക്കുകയാണ്‌.  കാരണം കാണിക്കൽ നോട്ടീസിൽ വിശദീകരണം കേട്ടശേഷം ഇവർക്കെതിരെയും നടപടി സ്വീകരിക്കുമെന്ന്‌ പൊലീസ്‌ മേധാവി അനിൽകാന്ത്‌ പറഞ്ഞു.

ഒറ്റപ്പെട്ടതെങ്കിലും പൊലീസിലെ ക്രിമിനൽവൽക്കരണം തടയണമെന്നും ശക്തമായ നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി കർശന നിർദേശം നൽകിയിരുന്നു. സിവിൽ പൊലീസ്‌ വിഭാഗത്തിലെ ക്രിമിനലുകൾക്കെതിരെ ജില്ലാ പൊലീസുകാർക്കും എസ്‌ഐമാർക്കെതിരെ ഡിഐജിക്കും സിഐമാർക്കെതിരെ ഐജിക്കും എഡിജിപിമാർക്കും ഡിവൈഎസ്‌പിമാർക്കെതിരെ സർക്കാരിനും പിരിച്ചുവിടൽ നടപടി സ്വീകരിക്കാമെന്ന പൊലീസ്‌ നിയമത്തിലെ 86–-ാം വകുപ്പ്‌  പ്രകാരമാണ്‌ നടപടികൾ. പിആർ റിപ്പോർട്ട്‌ വിശദമായി പരിശോധിച്ച ശേഷമേ നടപടികളിലേക്ക്‌ കടക്കൂ. കൂട്ട നടപടിയുമുണ്ടാകില്ല. ഉയർന്ന ഉദ്യോഗസ്ഥർക്കെതിരായ നടപടിക്കുശേഷമായിരിക്കും താഴെത്തട്ടിലുള്ളവരിലേക്ക്‌ നീങ്ങുക.

Exit mobile version