64 കാരിയായ ദ്രൗപതി മുര്‍മു രചിച്ചത് പുതു ചരിത്രമാണ്. ഒറീസയിലെ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ദ്രൗപതി മര്‍മു അറിയപ്പെടുന്ന വിദ്യാഭ്യാസ പ്രവര്‍ത്തകയായിരുന്നു. രാജ്യത്തെ രാഷ്ട്രപതി ആകുന്ന ആദ്യ ഗോത്ര വിഭാഗം വനിത കൂടിയാണ് മുര്‍മു. പ്രതിഭാ പാട്ടീലിന് ശേഷം രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ച വനിതയെന്ന പ്രത്യേകതയും ദ്രൗപതി മുര്‍മുവിനുണ്ട്. ഒഡീഷ സ്വദേശിനിയായ ദ്രൗപതിയ്ക്ക് ഒഡീഷയിലെ ദളിത് രാഷ്ട്രീയത്തിലുള്ള സ്വാധീനം ചെറുതല്ല. വളരെ ലാളിത്യമാര്‍ന്ന ജീവിതമാണ് അവരുടെത്. എന്നും അതിരാവിലെ എഴുന്നേല്‍ക്കും. കുറച്ചു നേരം ധ്യാനനിരതയാകും. അതിനു ശേഷം നടക്കാന്‍ പോകും. അതു കഴിഞ്ഞ് യോഗ ചെയ്യും…ഇങ്ങനെയാണ് ദ്രൗപതി മുര്‍മുവിന്റെ ഓരോ ദിവസവും തുടങ്ങുന്നത്. വ്യക്തിപരമായി നിരവധി ദുരന്തങ്ങളെ അതിജീവിച്ച വ്യക്തിയാണ് ദ്രൗപദി മുർമു. 2009നും 2014നും ഇടയിൽ ഭർത്താവിനെയും രണ്ട് മക്കളെയും അമ്മയെയും സഹോദരനെയും അവർക്ക് നഷ്ടപ്പെട്ടിരുന്നു.
2009ലായിരുന്നു ആൺമക്കളിലൊരാൾ ദുരൂഹ സാഹചര്യത്തിൽ മരിക്കുന്നത്. അന്ന് പുറത്തുവന്ന മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ലക്ഷ്മൺ മുർമു 25-ാം വയസിലാണ് മരിക്കുന്നത്. കിടപ്പുമുറിയിൽ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 2014ൽ മുർമുവിന്റെ ഭർത്താവ് ശ്യാം ചരം മുർമു ഹൃദയാഘാതം മൂലം മരിക്കുകയും ചെയ്തു. 2012ൽ നടന്ന റോഡപകടത്തിൽ മുർമുവിന് തന്റെ രണ്ടാമത്തെ പുത്രനെയും നഷ്ടപ്പെട്ടു. ഈ പ്രതിസന്ധികൾക്കു മുമ്പിൽ തളരാതെ പതറാതെ സധൈര്യം മുന്നോട്ടുവന്ന് പൊതുപ്രവർത്തനരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അവർ രാഷ്ട്രപതി പദവിയിലേക്ക് കടന്നു വരുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കുവാനും ചേർന്നുനിൽക്കുവാനും അവർക്ക് കഴിയേണ്ടതുണ്ട്. ഭരണകൂടത്തിന്റെ താൽപര്യങ്ങൾക്കപ്പുറത്തേക്ക് സ്വതന്ത്രമായ കാഴ്ചപ്പാടുകളും വിശാലമായ ചിന്താഗതിയും മുന്നോട്ടുള്ള പാതകളിൽ മുർമുവിന് കരുത്തേകട്ടെ.