കോട്ടയം: ഒരു മാസത്തോളം നീണ്ടുനിന്ന പരസ്യ പ്രചരണത്തിനു ശേഷം പുതുപ്പള്ളി നാളെ പോളിംഗ് ബൂത്തിലേക്ക്. ഇന്ന് ഇവിടെ നിശബ്ദ പ്രചാരണമായിരിക്കും. ഇന്ന് പരമാവധി വോട്ടർമാരെ നേരിൽ കാണുന്നതിനും അവസാന വോട്ടും ഉറപ്പിക്കാനും ആകും സ്ഥാനാർത്ഥികളുടെ ലക്ഷ്യം. യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ, എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്സ് സി തോമസ്, ബിജെപി സ്ഥാനാർത്ഥി ലിജിൻ ലാൽ എന്നിവരടക്കം 7 സ്ഥാനാർത്ഥികളാണ് മത്സരരംഗത്ത് ഉള്ളത്.
തിരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികൾ ഇന്ന് രാവിലെ മുതൽ വിതരണം ചെയ്യുമെന്നാണ് റിപ്പോർട്ട്. സ്ട്രോങ്ങ് റൂം ആയ കോട്ടയം ബസേലിയോസ് കോളേജിൽ നിന്നാണ് 182 ബൂത്തുകളിലേക്കുമുള്ള സാമഗ്രികൾ വിതരണം ചെയ്യുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ബസേലിയസ് കോളേജിന് ഇന്നുമുതൽ വോട്ടെണ്ണൽ നടക്കുന്ന എട്ടാം തീയതി വരെ അവധിയായിരിക്കും. അതുപോലെ പോളിംഗ് നടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നും നാളെയും അവധിയായിരിക്കും.