പള്ളിപ്പറമ്പിൽ കാണാതായ യുവതിയുടെ മൃതദേഹം സുഹൃത്തിന്റെ വീട്ടുമുറ്റത്ത്‌ കുഴിച്ചിട്ടനിലയിൽ കണ്ടെത്തി

തുവ്വൂർ : പള്ളിപ്പറമ്പിൽ കാണാതായ യുവതിയുടെ മൃതദേഹം സുഹൃത്തിന്റെ വീട്ടുമുറ്റത്ത്‌ കുഴിച്ചിട്ടനിലയിൽ കണ്ടെത്തി. കഴിഞ്ഞ 11ന് കാണാതായ പള്ളിപ്പറമ്പിലെ മാങ്കുത്ത് മനോജ് കുമാറിന്റെ ഭാര്യ സുജിത (35)യുടെ മൃതദേഹമാണ്‌ മൂന്ന്‌ കിലോമീറ്റർ അകലെയുള്ള സുഹൃത്ത്‌ വിഷ്‌ണുവിന്റെ വീടിന്റെ മുറ്റത്തെ മെറ്റലിട്ടുമൂടിയ കുഴിയിൽനിന്ന് കണ്ടെത്തിയത്‌. ഇയാളെ  പൊലീസ് കസ്റ്റഡിയിലെടുത്തു. കാണാതായ സുജിതയെ അവസാനമായി ഫോൺ വിളിച്ചത്‌ വിഷ്‌ണുവാണെന്ന്‌ പൊലീസ്‌ കണ്ടെത്തിയിരുന്നു. തുടർന്ന്‌ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടുമുറ്റത്തെ മെറ്റൽ കൂട്ടിയ സ്ഥലത്തെ മണ്ണ്‌ ഇളകിക്കിടന്നനിലയിലായിരുന്നു. മെറ്റൽ മാറ്റിയപ്പോൾ ദുർഗന്ധവുമുണ്ടായി. അലക്ക്‌ കല്ല്‌ കെട്ടാൻ കൊണ്ടിട്ട മെറ്റൽ എന്നാണ്‌ ഇയാൾ സമീപവാസികളോട്‌ പറഞ്ഞിരുന്നത്‌. യൂത്ത്‌ കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറിയും തുവ്വൂർ പഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരനുമാണ്‌ വിഷ്‌ണു.സ്ഥലത്ത് പൊലീസ് കാവലേർപ്പെടുത്തി. മൃതദേഹം ചൊവ്വാഴ്ച പോസ്റ്റ്മോർട്ടംചെയ്യും.

Exit mobile version