ന്യൂദല്‍ഹി: പദ്മ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. രാഷ്‌ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവാണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. നടിയും നര്‍ത്തകിയുമായ വൈജയന്തി മാല, നടന്‍ കെ. ചിരഞ്ജീവി എന്നിവര്‍ പദ്മവിഭൂഷണ്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എം. ഫാത്തിമാബീവിക്ക് മരണാനന്തര ബഹുമതിയായുള്ള പദ്മഭൂഷണ്‍ പുരസ്‌കാരം സഹോദരി ഡോ. ഫാസിയാ റഫീഖ് ഏറ്റുവാങ്ങി. അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായ് തമ്പുരാട്ടി (സാഹിത്യം), കര്‍ഷകന്‍ സത്യനാരായണ ബേലേരി (കൃഷി, നെല്‍വിത്ത് സംരക്ഷണം) എന്നിവര്‍ പദ്മശ്രീ പുരസ്‌കാരം സ്വീകരിച്ചു. പി. ചിത്രന്‍ നമ്പൂതിരിപ്പാടിന് മരണാനന്തര ബഹുമതിയായുള്ള പദ്മശ്രീ പുരസ്‌കാരം ചെറുമകന്‍ ചിത്രഭാനുവാണ് ഏറ്റുവാങ്ങിയത്. ചടങ്ങിലാകെ 67 പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.
ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍ഖര്‍, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. അഞ്ച് പദ്മ വിഭൂഷണ്‍, 17 പദ്മഭൂഷണ്‍, 110 പദ്മശ്രീ ഉള്‍പ്പെടെ 132 പേരാണ് ഈ വര്‍ഷം പദ്മ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായത്. ഇതില്‍ 65 പേര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ഏപ്രില്‍ 22ന് നടന്ന ചടങ്ങില്‍ സമ്മാനിച്ചിരുന്നു.