പകര്‍ച്ചപ്പനികള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ വകുപ്പുകളും ഏകോപിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്. 

തിരുവനന്തപുരം: ഉഷ്ണ തരംഗവും തുടര്‍ന്നുള്ള വേനല്‍ മഴയും കാരണം വിവിധതരം പകര്‍ച്ചപ്പനികള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ വകുപ്പുകളും ഏകോപിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടത്തണം. പൊതുതാമസ ഇടങ്ങള്‍, ഹോസ്റ്റലുകള്‍ എന്നിവിടങ്ങളില്‍ കേരള പൊതുജനാരോഗ്യ നിയമമനുസരിച്ച് ശുചീകരണം ഉറപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു. കിണറുകള്‍, കുടിവെള്ള സ്രോതസുകൾ എന്നിവ ശുചീകരിക്കണം. ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. സ്‌കൂളുകളിലെ വെള്ളം ശുദ്ധമാണെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്.

ചികിത്സാ പ്രോട്ടോകോള്‍ കൃത്യമായി പാലിക്കണമെന്ന് മന്ത്രി നിർദേശിച്ചു. ആശുപത്രികളില്‍ പ്രത്യേക ഫീവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കുമെന്നും ഐസൊലേഷന്‍ കിടക്കകള്‍ മാറ്റിവയ്ക്കണമെന്നും മന്ത്രി പറഞ്ഞു. ആശുപത്രികള്‍ മരുന്നുകളുടെ സ്റ്റോക്ക് വിലയിരുത്തി ലഭ്യത ഉറപ്പാക്കണംമെന്നും സ്റ്റോക്ക് 30 ശതമാനത്തിന് താഴെയാകുന്നതിന് മുമ്പേ കൃത്യമായി അറിയിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. ജില്ലകളുടെ ഉന്നതതല യോഗത്തിലാണ് മന്ത്രി പകർച്ചപ്പനികൾക്കെതിരായ നടപടികളുടെ നിര്‍ദേശം നല്‍കിയത്.

Exit mobile version