നെടുങ്കണ്ടം മാവടിയിൽ ഗൃഹനാഥൻ വെടിയേറ്റ് മരിച്ചസംഭവം കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു.

നെടുങ്കണ്ടം : നെടുങ്കണ്ടം മാവടിയിൽ ഗൃഹനാഥൻ വെടിയേറ്റ് മരിച്ചസംഭവം കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു. മാവടി ഇന്ദിരനഗർ പ്ലാക്കൽ സണ്ണി(57)യെ ചൊവ്വ രാത്രി 11.30 ഓടെയാണ് വീടിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. മറ്റൊരു മുറിയിൽ മക്കൾക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന ഭാര്യ സിനി വെടിയൊച്ച കേട്ട് എത്തിയപ്പോൾ സണ്ണി കിടക്കയിൽ രക്തംവാർന്ന നിലയിലായിരുന്നു. വെടിയേറ്റാണ് മരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. പരിശോധനയിൽ നാടൻ തോക്കിൽ ഉപയോഗിക്കുന്ന തിരയ്ക്ക് സമാനമായ ലോഹ ഭാഗം സണ്ണിയുടെ നെറ്റിയിൽ തറച്ചനിലയിൽ കണ്ടെത്തി. സണ്ണി കിടന്നുറങ്ങിയ കട്ടിലിന് അഭിമുഖമായുള്ള അടുക്കള വാതിലിൽ നിന്ന് തറച്ചുകയറിയ നിലയിൽ അഞ്ച് തിരകളും പരിശോധനയിൽ കണ്ടെത്തി. ഇതോടെയാണ് പുറത്തുനിന്നാണ് വെടിയുതിർത്തതെന്ന് സ്ഥിരീകരിച്ചത്. അടുക്കള വാതിലിന്റെ പുറത്തുള്ള ഏലത്തട്ടകളിലും വെടിയേറ്റ പാടുകൾ കണ്ടെത്തി. എന്നാൽ സംഭവ സ്ഥലത്തുനിന്ന് തോക്ക് കണ്ടെത്താനായിട്ടില്ല.

കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്‌മോന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. ഇവരെ  ചോദ്യം ചെയ്യുന്നത് തുടരുകയാണ്. നാടൻ തോക്ക് ഉപയോഗിച്ച് വീടിന്റെ പുറത്തുനിന്ന് വെടിവെച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം. നായാട്ടിനിടെ നടന്നതാവാം കൊലപാതകമെന്നാണ് സംശയം. നായാട്ടുസംഘം വന്യമൃഗത്തെ വെടിവച്ചപ്പോൾ ഉന്നംതെറ്റി സണ്ണിക്കു കൊണ്ടതാണെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു. മേഖലയിലെ നായാട്ട്‌സംഘത്തെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. സംശയിക്കുന്നവരുടെ പട്ടികയിലുള്ളവരാണ് ഇപ്പോൾ കസ്റ്റഡിയിലുള്ളത്.
കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള 50 അംഗ സംഘമാണ് അന്വേഷണം. ചിലർ പൊലീസ് നിരീക്ഷണത്തിലാണ്. അന്വേഷണം ഊർജിതമാക്കിയതായി കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്‌മോൻ പറഞ്ഞു. മേഖലയിലെ സിസി ടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. എറണാകുളത്തുനിന്ന് ബാലിസ്റ്റിക്ക് വിദഗ്ധരും പ്രത്യേക ഫോറൻസിക് സംഘവും എത്തി വിശദമായി പരിശോധന നടത്തി.

Exit mobile version