നീന്തൽ പഠിപ്പിക്കുന്നതിനിടെ അപകടം; കണ്ണൂരിൽ അച്ഛനും മകനും ദാരുണാന്ത്യം

കണ്ണൂർ: പുഴയിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും ദാരുണാന്ത്യം. കേളകം ഒറ്റപ്ലാവിലെ നെടുമറ്റത്തിൽ ലിജോ ജോസ് (32),  മകൻ നെബിൻ ജോസഫ് (6) എന്നിവരാണ് മരിച്ചത്. കൊട്ടിയൂരിൽ ഇന്ന് രാവിലെ 11.30ഓടെയാണ് സംഭവം. 

ഇരട്ടത്തോട് ബാവലിപ്പുഴയിലെ താൽക്കാലിക തടയണയിൽ കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരും. ലിജോ ജോസ് തൻ്റെ മകനെ നീന്തൽ പഠിപ്പിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. നീന്തൽ പഠിക്കുന്നതിനിടെ നെബിൻ പുഴയുടെ അടിത്തട്ടിലെ ചെളിയിൽ അകപ്പെടുകയായിരുന്നു. മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ലിജോ ജോസും അപകടത്തിൽപ്പെട്ടു. 

ഇരട്ടത്തോട് പാലത്തിനടിയിലെ കയത്തിലാണ് അപകടം പതിയിരുന്നത്. മകനുമായി പാലത്തിന് അടിയിലേയ്ക്ക് നടന്നുപോയ ലിജോയെ കാണാതായതോടെ കൂടെ ഉണ്ടായിരുന്ന കുട്ടികൾ നിലവിളിച്ചു. ബഹളം കേട്ടപ്പോഴാണ് നാട്ടുകാർ വിവരം അറിഞ്ഞത്. തുടർന്ന് നാട്ടുകാർ പുഴയിലിറങ്ങി തിരച്ചിൽ നടത്തുകയും ലിജോയെ കണ്ടെത്തി കരയിലെത്തിക്കുകയും ചെയ്തു. 

ചെളിയിൽ അകപ്പെട്ട നെബിനെ കണ്ടെത്താൻ വലിയ രീതിയിൽ തിരച്ചിൽ നടത്തിയെങ്കിലും വളരെ വൈകിയാണ് കുട്ടിയെ കണ്ടുകിട്ടിയത്. പിന്നീട് നാട്ടുകാർ ഇരുവരെയും പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്റ്റെഫീനയാണ് ലിജോയും ഭാര്യ.

Exit mobile version