തൃപ്പൂണിത്തുറ നിയമസഭ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് നൽകിയ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്.

കൊച്ചി: തൃപ്പൂണിത്തുറ നിയമസഭ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് എംഎൽഎ കെ ബാബുവിനെതിരെ സി പി എം സ്ഥാനാർഥിയായിരുന്ന എം സ്വരാജ് നൽകിയ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്. ഉച്ചയ്ക്ക് രണ്ടിനാണ് കോടതി വിധി പറയുക. മതചിഹ്നങ്ങള്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പിൽ കെ ബാബു വോട്ട് പിടിച്ചെന്നും 2021ൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ നടന്ന തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു എം സ്വരാജ് നേരത്തേ ഹൈക്കോടതിയെ സമീപിച്ചത്. ഫലം വന്നതിന് തൊട്ട് പിന്നാലെയായിരുന്നു സ്വരാജിന്റെ നീക്കം. ശബരിമല വിഷയം എടുത്ത് പറഞ്ഞുകൊണ്ടായിരുന്നു മണ്ഡലത്തില്‍ കെ ബാബു പ്രചരണം നടത്തിയതെന്നായിരുന്നു സ്വരാജ് ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. വിധി സ്വരാജിന് അനുകൂലമായാൽ ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് യു ഡി എഫ് നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയായിരിക്കും അത്.

അയ്യപ്പന് ഒരു വോട്ട് എന്ന അച്ചടിച്ച തിരഞ്ഞെടുപ്പ് സ്ലിപ്പുകള്‍ കെ ബാബുവിന് വേണ്ടി തൃപ്പൂണിത്തുറ മണ്ഡലത്തില്‍ വ്യാപകമായി വിതരണം ചെയ്യപ്പെട്ടിരുന്നുവെന്നും ചുവരെഴുത്തുകളിലും അയ്യപ്പന്റെ പേര് ഉപയോഗിച്ചിരുന്നുവെന്നും ഹർജിയിൽ പറയുന്നു. പ്രചാരണ സാമഗ്രികളുടെ ചിത്രങ്ങളടക്കം തെളിവായി സ്വരാജ് കോടതിയിൽ സമർപ്പിച്ചു തനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ അയ്യപ്പന് ദൈവകോപം ഉണ്ടാകുമെന്നും തൻറെ പരാജയം അയ്യപ്പൻറെ പരാജയമാണെന്നും പറഞ്ഞ് കെ ബാബു വോട്ടര്‍മാരെ ഭയപ്പെടുത്തിയെന്നും ഹർജിയിൽ സ്വരാജ് ചൂണ്ടിക്കാട്ടിയിരുന്നു.

അതിനിടെ കേസ് നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി ബാബു കോടതിയെ സമീപിച്ചു. എന്നാൽ ബാബുവിൻറ തടസവാദം തള്ളിയ ഹൈക്കോടതി കേസ് നിലനിൽക്കുമെന്ന് അറിയിച്ചു. ഇതോടെ ബാബു ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. സുപ്രീം കോടതിയും സ്വരാജിന് അനുകൂലമായിട്ടായിരുന്നു വിധി പറഞ്ഞത്. ബാബുവിന് എതിരായ തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതിയിലെ നടപടികള്‍ തുടരാന്‍ സുപ്രീം കോടതി അറിയിക്കുകയായിരുന്നു. തുടർന്ന് നടന്ന വാദത്തിനൊടുവിലാണ് ഇന്ന് കേസിൽ ഹൈക്കോടതി വിധി പറയാനൊരുങ്ങുന്നത്.

Exit mobile version