എ കെ ജി സെന്ററിന്‌ ബോംബെറിഞ്ഞു

തിരുവനന്തപുരം
സിപിഐ എം സംസ്ഥാനകമ്മിറ്റി ഓഫീസായ എ കെ ജി സെന്ററിന്‌ നേരെ ബോംബേറ്‌. വ്യാഴം രാത്രി 11.45നായിരുന്നു സംഭവം. ഹാളിലേക്കുള്ള ഗേറ്റിന്റെ വലതുഭാഗത്ത്‌ തട്ടി ബോംബ്‌ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി ഉൾപ്പെടെയുള്ളവർ സെന്ററിനകത്തുള്ളപ്പോഴായിരുന്നു ആക്രമണം.
ബോംബ്‌ ഗേറ്റിൽ തട്ടിയതുകൊണ്ടാണ്‌ അക്രമിയുടെ ലക്ഷ്യം പാളിയത്‌.
സ്‌കൂട്ടറിലെത്തിയ യുവാവാണ്‌ ബോംബ്‌ എറിഞ്ഞതെന്ന്‌ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി. ആദ്യം ഒരു പ്രാവശ്യം രംഗ നിരീക്ഷണം നടത്തി തിരിച്ചുപോയി വീണ്ടും വന്ന്‌ സെന്ററിനകത്തേക്ക്‌ ബോംബ്‌ എറിയുന്ന ദൃശ്യമാണ്‌ സിസിടിവിയിൽ പതിഞ്ഞത്‌. ഇത്‌ പൊലീസ്‌ പരിശോധിക്കുകയാണ്‌. പൊലീസ്‌ നിൽക്കുന്ന ഗേറ്റ്‌ ഒഴിവാക്കി മറുഭാഗത്താണ്‌ അക്രമം നടന്നത്‌.
വൻ ശബ്ദം കേട്ട്‌ നേതാക്കളും ജീവനക്കാരും സുരക്ഷാ ചുമതലയുണ്ടായിരുന്ന പൊലീസുകാരും ഓടിയെത്തി. എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ, സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ എന്നിവർ സംഭവം അറിഞ്ഞ്‌ സെന്ററിലെത്തി.
പൊലീസ്‌ കമീഷണർ ജി സ്‌പർജൻ കുമാറിന്റെ നേതൃത്വത്തിൽ വൻ പൊലീസ്‌ സംഘവും സ്ഥലത്തെത്തി. നഗരത്തിലെ വിവിധ ഭാഗങ്ങളിൽനിന്നും സിപിഐ എം പ്രവർത്തകരും നാട്ടുകാരും സംഭവസ്ഥലത്തേക്ക്‌ രാത്രി വൈകിയും എത്തി. നഗരത്തിൽ പ്രതിഷേധ പ്രകടനവും നടത്തി. ഇത്‌ മൂന്നാം തവണയാണ്‌ എ കെ ജി സെന്ററിന്‌ നേരെ അക്രമം നടക്കുന്നത്‌.

Exit mobile version