തണ്ണീർമുക്കം ബണ്ടിന്റെ 21 ഷട്ടർ ഉയർത്തി ; 90 ഷട്ടറുകളും നാലുദിവസത്തിനകം ഉയർത്തും.

ചേർത്തല
തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ തിങ്കളാഴ്‌ച തുറന്നു തുടങ്ങി. ആദ്യദിനം കിഴക്കുഭാഗത്തെ രണ്ടാംഘട്ട ബണ്ടിന്റെ 21 ഷട്ടർ ഉയർത്തി. 90 ഷട്ടറുകളും നാലുദിവസത്തിനകം ഉയർത്താനാണ് ലക്ഷ്യം. ഷട്ടർ ഉയർത്തുന്നതിന്‌ മുന്നോടിയായി ബണ്ടിന്റെ ലോക്കുകൾ കഴിഞ്ഞദിവസം തുറന്നിരുന്നു. അസി. എൻജിനീയർ അമൽ നാരായണന്റെ നേതൃത്വത്തിൽ 12ഓളം ജീവനക്കാരാണ് ഷട്ടർ തുറക്കലിനുള്ളത്.

മൂന്നിന്‌ മന്ത്രി പി പ്രസാദിന്റെ സാന്നിധ്യത്തിൽ കലക്‌ടർ ഉൾപ്പെടെ പങ്കെടുത്ത ബണ്ട് ഉപദേശകസമിതിയിലാണ്‌ ഷട്ടറുകൾ 10 -മുതൽ ഉയർത്താൻ തീരുമാനിച്ചത്. ഷട്ടർ ഉയർത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ മത്സ്യത്തൊഴിലാളി സംഘടനകൾ മാർച്ച് 15 മുതൽ പ്രക്ഷോഭത്തിലാണ്‌. കുട്ടനാട്ടിൽ കൊയ്‌ത്ത്‌ പൂർത്തിയാകാത്ത സാഹചര്യത്തിലാണ് ഉയർത്തൽ ഏപ്രിലിലേക്ക്‌ നീട്ടിയത്. കൊയ്‌ത്ത്‌ വേഗത്തിൽ പൂർത്തിയാക്കാൻ കൃഷി അധികൃതർക്കും നിർദേശംനൽകിയിരുന്നു.

Exit mobile version