തണുത്തുവിറച്ച്‌ ഉത്തരേന്ത്യ ; ശൈത്യതരംഗത്തിന് സാധ്യത.

ന്യൂഡൽഹി: കൊടുംശൈത്യത്തിൽ ഉത്തരേന്ത്യ വിറയ്‌ക്കുന്നു. പഞ്ചാബ്‌, ഹരിയാന, ചണ്ഡീഗഢ്‌, ഡൽഹി, വടക്കൻ രാജസ്ഥാൻ, ഹിമാചൽപ്രദേശ്‌, ഉത്തരാഖണ്ഡ്‌ എന്നിവിടങ്ങളിൽ രണ്ട്‌ ദിവസം ശൈത്യതരംഗം ഉണ്ടാകുമെന്ന്‌ കാലാവസ്ഥാനിരീക്ഷണവകുപ്പ്‌ മുന്നറിയിപ്പ് നല്‍കി. സൗരാഷ്ട്ര, കച്ച്‌ മേഖലകളിലും സമാനസ്ഥിതി. ഞായറാഴ്‌ച ഡൽഹിയിൽ കുറഞ്ഞ താപനില 5.3 ഡിഗ്രിയായി. വരുംദിവസങ്ങളിൽ നാല്‌ ഡിഗ്രിയായേക്കും. താപനില നാല്‌ഡിഗ്രി ആകുമ്പോഴാണ്‌ ശൈത്യതരംഗ സാഹചര്യം ഉടലെടുക്കുക.

കാഴ്ച പരിതി കുറഞ്ഞതോടെ നിരവധി ട്രെയിനുകൾ ഡൽഹിയിൽ നിന്ന് പുറപ്പെടാന്‍ വൈകി. ഡൽഹിയിൽ ജനുവരി ഒന്നു മുതൽ സ്‌കൂളുകൾക്ക്‌ അവധി പ്രഖ്യാപിച്ചു.
ഹിമാചൽപ്രദേശിലെ കുളു, ചംബാ, ലഹോൾ–-സ്‌പിത്തി, കിന്നൗർ എന്നിവിടങ്ങളിൽ കനത്ത മഞ്ഞുവീഴ്‌ചയ്‌ക്ക് സാധ്യത. കശ്‌മീരിലും അതിശൈത്യം പിടിമുറുക്കി. ദാൽ തടാകത്തിലെ ചിലഭാഗങ്ങൾ തണുത്തുറഞ്ഞു. മൂടൽ മഞ്ഞ് വർധിച്ചതോടെ അതിർത്തികളിൽ സേന സുരക്ഷ ശക്തമാക്കി.

Exit mobile version