ട്രെയിനിൽ യാത്രക്കാരെ തീകൊളുത്തി ; 3 പേർ ട്രാക്കിൽ മരിച്ച നിലയിൽ.

കോഴിക്കോട്‌ : ആലപ്പുഴ കണ്ണൂർ എക്‌സിക്യൂട്ടീവ്‌ ട്രെയിനിൽ യാത്രക്കാരെ തീകൊളുത്തി കൊല്ലാൻ ശ്രമം. സംഭവം നടന്ന എലത്തൂർ പാലത്തിന്‌ സമീപം റെയിൽവേ ട്രാക്കിൽ മൂന്ന്‌ മൃതദേഹങ്ങൾ കണ്ടെത്തി. തിങ്കൾ പുലർച്ചെ ഒന്നരയോടെ മട്ടന്നൂർ സ്വദേശിനി റഹ്മത്ത്, സഹോദരിയുടെ മകൾ രണ്ടര വയസുകാരി സുഹറ എന്നിവരുടെയും ഒരു പുരുഷന്റെയും മൃതദേഹമാണ്‌ കണ്ടെത്തിയത്‌. മൃതദേഹങ്ങൾ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റി. ഒമ്പത്‌ യാത്രക്കാർക്ക്‌ പൊള്ളലേറ്റു. ഞായർ രാത്രി 9.10ന്‌ ട്രെയിൻ എലത്തൂർ കോരപ്പുഴ പാലത്തിന്‌ മുകളിലെത്തിയപ്പോഴാണ്‌ ഡി വൺ കോച്ചിൽ യാത്രക്കാരൻ പെട്രോൾ സ്‌പ്രേ ചെയ്‌ത്‌ തീകൊളുത്തിയത്‌. ഒരാളുടെ പരിക്ക്‌ സാരമുള്ളതാണ്‌. തീ കൊളുത്തിയ ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാൾ ട്രെയിനിൽനിന്ന്‌ ചാടി രക്ഷപ്പെട്ടെന്ന്‌ മറ്റ്‌ യാത്രക്കാർ പറഞ്ഞു.

അഞ്ചുപേർ കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലും മൂന്നുപേർ ബേബി മെമ്മോറിയൽ ആശുപത്രിയിലും ചികിത്സയിലാണ്‌. പൊള്ളലേറ്റ ഒരാളെ കൊയിലാണ്ടിയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റൊരു ബോഗിയിൽ നിന്നെത്തിയ അക്രമി ഒരു പ്രകോപനവുമില്ലാതെ യാത്രക്കാർക്കുനേരെ പെട്രോൾ സ്‌പ്രേ ചെയ്‌ത്‌ തീകൊളുത്തുകയായിരുന്നു. തീ സമീപത്തെ സീറ്റുകളിലിരുന്ന യാത്രക്കാരുടെ വസ്‌ത്രങ്ങളിലേക്ക്‌ പടർന്നു. പരിഭ്രാന്തരായ യാത്രക്കാർ മറ്റു കംപാർട്ട്‌മെന്റുകളിക്കേ്‌ ഓടി. ഇതിനിടെ യാത്രക്കാരിലൊരാൾ അപായ ചങ്ങല വലിച്ചു. അക്രമിക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി പൊലീസും റെയിൽവേ പൊലീസും അറിയിച്ചു.

Exit mobile version