ടി20 ലോകകപ്പില്‍ ഹാട്രിക് ജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും.

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ ഹാട്രിക് ജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. ആതിഥേയരായ യുഎസ്എയാണ് എതിരാളികള്‍. ഇന്ത്യന്‍ സമയം രാത്രി 8 മണിയ്ക്ക് ന്യൂയോര്‍ക്കിലാണ് മത്സരം ആരംഭിക്കുക.  അയര്‍ലന്‍ഡിനെയും പാകിസ്താനെയും മുട്ടുകുത്തിച്ചാണ് ഇന്ത്യ ഇന്ന് യുഎസ്എയ്ക്ക് എതിരെ ഇറങ്ങുന്നത്. അയര്‍ലന്‍ഡിനെതിരെ 8 വിക്കറ്റിന്റെ അനായാസ ജയമാണ് ഇന്ത്യ നേടിയതെങ്കില്‍ പാകിസ്താനെതിരെ 119 എന്ന ചെറിയ സ്‌കോര്‍ പ്രതിരോധിച്ചായിരുന്നു വിജയം. മറുഭാഗത്ത് യുഎസ്എയും ഹാട്രിക് വിജയം ലക്ഷ്യമിട്ടാണ് ഇന്ന് പോരിന് എത്തുന്നത്. കാനഡയെയും പാകിസ്താനെയും പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് യുഎസ്എ ക്യാമ്പ്. 

2 മത്സരങ്ങള്‍ വീതം പൂര്‍ത്തിയാക്കിയ ഇന്ത്യയും യുഎസ്ഇയുമാണ് ഗ്രൂപ്പ് എയിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍. ഒരു ഗ്രൂപ്പില്‍ നിന്ന് ടോപ് 2 ടീമുകളാണ് സൂപ്പര്‍ 8 റൗണ്ടിലേയ്ക്ക് യോഗ്യത നേടുക. അതിനാല്‍ തന്നെ ഇന്നത്തെ മത്സരം ഇന്ത്യയ്ക്കും യുഎസ്എയ്ക്കും ഏറെ നിര്‍ണായകമാണ്. പാകിസ്താനാകും ഇന്നത്തെ ഇന്ത്യ – യുഎസ്എ മത്സരഫലം കാത്തിരിക്കുന്ന മറ്റൊരു ടീം. 3 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ പാകിസ്താന് ഒരു മത്സരത്തില്‍ മാത്രമാണ് വിജയിക്കാനായത്. 2 പോയിന്റുമായി പാകിസ്താന്‍ മൂന്നാം സ്ഥാനത്താണ്.  ടി20യിൽ ഇതാദ്യമായാണ് ഇന്ത്യയും യുഎസ്എയും നേർക്കുനേർ എത്തുന്നത്. ഇരു ടീമിലും പരിക്കിന്റെ ആശങ്കകളില്ലാത്തതിനാൽ അവസാന മത്സരങ്ങളിലെ അതേ ടീമിനെ നിലനിർത്താൻ തന്നെയാണ് സാധ്യത. മലയാളി താരം സഞ്ജു സാംസണ് ഇന്ന് കളിക്കാൻ അവസരം ലഭിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഐപിഎല്ലിൽ തകർപ്പൻ ഫോമിലായിരുന്ന വിരാട് കോഹ്ലി ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും രണ്ടക്കം കാണാതെയാണ് പുറത്തായത്. നിർണായക മത്സരത്തിൽ‍ കോഹ്ലി ഫോമിലേയ്ക്ക് ഉയരുമോ എന്ന് കാത്തിരുന്ന് കാണാം. 

Exit mobile version