ചൂടിലും തണുപ്പിലും വലഞ്ഞ്‌ കേരളം ; കൂടുതൽ ചൂട് പാലക്കാട്‌, കണ്ണൂർ ജില്ലകളിൽ.

തിരുവനന്തപുരം:പകൽച്ചൂടിൽ വെന്തുരുകി കേരളം, രാത്രിയിലും പുലർച്ചകളിലുമാകട്ടെ മരംകോച്ചുന്ന തണുപ്പും. ഏറ്റവും കൂടുതൽ ചൂട് തുടർച്ചയായ ദിവസങ്ങളിൽ പാലക്കാട്‌, കണ്ണൂർ ജില്ലകളിൽ രേഖപ്പെടുത്തി. വേനലെത്തുംമുമ്പേ വർധിച്ച ചൂടിന്റെ ആധിക്യം കാലാവസ്ഥാ മാറ്റത്തിന്റെ ഭീകരത വെളിപ്പെടുത്തുന്നു. കൂടിയ  അന്തരീക്ഷ താപനില രേഖപ്പെടുത്തിയത്‌ 14ന്‌  പാലക്കാട്‌ എരിമയൂരിലാണ്‌,  40.6 ഡിഗ്രി സെൽഷ്യസ്‌. എരിമയൂരിൽ ഇത്‌ തുടരുകയാണിപ്പോഴും. അതിരാവിലെയുള്ള തണുപ്പും തുടർന്നുള്ള ചൂടും തുടരുമെന്നാണ്‌ പ്രവചനം. ഇതാകട്ടെ മനുഷ്യരുടെ ഉൾപ്പെടെ ആരോഗ്യത്തെയും ബാധിക്കുമെന്ന്‌ വിദഗ്ധർ പറയുന്നു. ശരീര താപനില നിയന്ത്രിക്കുന്നതിൽ ബുദ്ധിമുട്ട്‌, സൂര്യാഘാതം, ഹൈപ്പർതെർമിയ തുടങ്ങിയവയ്ക്ക്‌ ചൂട്‌ കാരണമാകും. ഹൃദ്‌രോഗങ്ങൾ, ശ്വാസസംബന്ധിയായ രോഗങ്ങൾ, സെറിബ്രോവാസ്കുലർ രോഗങ്ങൾ, പ്രമേഹപ്രശ്നങ്ങൾ എന്നിവ ഗുരുതരമാകാനുമിടയുണ്ട്‌.

Exit mobile version