ഏതു കൊടിയ പ്രതിസന്ധിയിലേയ്ക്ക് കടക്കുമ്പോഴും അതിനെ ചിരിച്ചുമാത്രം നേരിട്ട സഖാവായിരുന്നു കോടിയേരി ബാലകൃഷ്ണൻ.സിപിഎം സംസ്ഥാന സെക്രട്ടറി പദവിയിലേയ്ക്ക് കോടിയേരി എത്തുമ്പോൾ അതുകൊണ്ടുതന്നെ ചിരിച്ചുകൊണ്ടു പ്രതികരിക്കുന്ന നേതാവിനെ കിട്ടിയതിൽ അണികളും സന്തുഷ്ടരായിരുന്നു. മാധ്യമ പ്രവർത്തകരുമായി ഇടപെടുന്നതിൽ ഇത്രമേൽ വിജയം വരിച്ച മറ്റൊരു സിപിഎം നേതാവില്ല. ചിരിയുടെ നയതന്ത്രംതന്നെയായിരുന്നു മറ്റ് പാർട്ടി നേതാക്കളെയും ഒപ്പം കൂട്ടാൻ കോടിയേരി പ്രയോഗിച്ചതെന്ന് പലപ്പോഴും എതിർപക്ഷത്തുള്ളവർതന്നെ സാക്ഷ്യം പറഞ്ഞിട്ടുണ്ട്.
ഈയിടെ അന്തരിച്ച കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദുമായി ഉറ്റബന്ധം പുലർത്തിയിരുന്നു കോടിയേരി. വിശ്വഹിന്ദുപരിഷത് ഏറ്റെടുത്തു നടപ്പാക്കിയ ഘർ വാപസിയുടെ കാലത്ത് ആര്യാടൻ മുഹമ്മദിന്റെ സൗദി അറേബ്യയിലെ പ്രസംഗം ഇങ്ങനെയായിരുന്നു: “എന്റെ ഉപ്പേന്റെ ഉപ്പേന്റെ ഉപ്പേന്റെ ഉപ്പ ഹിന്ദുവായിരുന്നു’. അത് സംഘപരിവാർ വ്യാപകമായി പ്രചരിപ്പിക്കുന്നതിനിടയിലാണ് കോടിയേരിയുടെ ചോദ്യം:’ “ഈ ആര്യാടൻ ഘർവാപസിയായാൽ ആര്യാടൻ നമ്പൂതിരിയാവുമോ, അതോ ആര്യാടൻ നമ്പ്യാരാവുമോ അതോ ആര്യാടൻ നായരാവുമോ? അതോ സംഘപരിവാറുകാർ അംഗീകരിക്കാത്ത പട്ടികജാതിക്കാരനാവുമോ?’
ആ പ്രസംഗത്തിന്റെ പേരിൽ കൊടിയേരിക്ക് കൈകൊടുത്തെന്ന് പിന്നീട് പ്രസംഗിച്ചത് ആര്യാടനാണ്.
വി.എസ്. അച്യുതാനന്ദൻ സർക്കാരിൽ ആഭ്യന്തരമന്ത്രിയായിരിക്കേ ജയിലിലെ പ്രശസ്തമായ “ഗോതമ്പുണ്ട’യ്ക്ക് പകരം ചപ്പാത്തിയാക്കാൻ തീരുമാനിച്ചത് കോടിയേരിയാണ്. അതേപ്പറ്റി അദ്ദേഹം നിയമസഭയിൽ പറഞ്ഞത് ഇങ്ങനെ: “ജയിലിൽ കഴിയുന്ന യുഡിഎഫ് നേതാവ് ആർ. ബാലകൃഷ്ണപിള്ളയ്ക്ക് ഇപ്പോൾ ജയിലിൽ ഗോതമ്പുണ്ടയല്ല, ചപ്പാത്തിയാണ്. അതുകൊണ്ട് സർക്കാർ ഉദ്ദേശിക്കുന്ന ആനുകൂല്യങ്ങൾ തടവുകാർക്ക് കൊടുത്താൽ ഭാവിയിൽ പ്രതിപക്ഷത്തിന് അതിന്റെ ഗുണം കിട്ടും ‘.അന്ന് നിയമസഭയിൽ പ്രതിപക്ഷം പോലും ഇതുകേട്ട് ചിരിച്ചുപോയി. പിന്നീടാണ്, ബാലകൃഷ്ണപിള്ള എൽഡിഎഫിൽ വന്നത്. അതിന്റെ പിന്നിലും കോടിയേരിക്ക് വലിയ പങ്കുണ്ടായിരുന്നു.
സിപിഎമ്മിൽ വിഭാഗീയത കത്തി നിൽക്കുന്ന കാലയളവിലും എല്ലാവരുമായും കോടിയേരിക്ക് വ്യക്തിബന്ധമുണ്ടായിരുന്നു. പലപ്പോഴും വി.എസ്. അച്യുതാനന്ദനെ അനുനയിപ്പിക്കാൻ പാർട്ടി നിയോഗിച്ചിരുന്നത് അദ്ദേഹത്തെയായിരുന്നു. കോടിയേരി ഒരു പക്ഷെ, ഏറ്റവും കൂടുതൽ കളിയാക്കിയിട്ടുള്ള കെ.എം. മാണിയുടെ കേരളാ കോൺഗ്രസ് എമ്മിനെ എൽഡിഎഫിലെത്തിക്കാൻ കരുനീക്കിയതും അദ്ദേഹം തന്നെയായിരുന്നു. ഏറ്റവുമൊടുവിൽ രോഗത്തിന്റെ അവശതകൾക്കൊടുവിലും മാധ്യമ പ്രവർത്തകരെ അഭിമുഖീകരിക്കാൻ അദ്ദേഹം ചിരിച്ച മുഖത്തോടെ എത്തിയത് പക്ഷെ, നൊമ്പരക്കാഴ്ചയായി. അപ്പോഴും,കോടിയേരിയുടെ മുഖത്തെ പുഞ്ചിരിക്ക് ഒട്ടും തെളിച്ചം കുറഞ്ഞിരുന്നില്ല.