ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട ഇന്ന് തുറക്കും. 

പത്തനംതിട്ട: ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല ഇന്ന് വൈകുന്നേരം 5 മണിക്ക് നട തുറക്കും.  മേൽശാന്തി കെ ജയരാമൻ നമ്പൂതിരി നട തുറന്ന് ദീപങ്ങൾ തെളിയിക്കും. നാളെയാണ് ആട്ട ചിത്തിര പൂജകൾ. 

ചിത്തിര ആട്ടവിശേഷ ദിവസമായ നാളെ പുലർച്ചെ അഞ്ചിന് നിർമാല്യവും പതിവ് അഭിഷേകങ്ങളും നടക്കും. തുടർന്ന് കിഴക്കേ മണ്ഡപത്തിൽ മഹാഗണപതി ഹോമം 7:30 ന് ഉഷപൂജ, ഉദയാസ്ഥമന പൂജ, ഉച്ചപൂജ എന്നിവയ്ക്ക് ശേഷം ഒരുമണിയോടെ നടയടക്കും. വൈകിട്ട് അഞ്ചിന് നട തുറന്ന് 6:30 ന് പൂജയോടുകൂടി ദീപാരാധന നടക്കും. 6:45 ന് പടിപൂജയും നടക്കും. പൂജകൾക്ക് തന്ത്രി മഹേഷ് മോഹനര് മുഖ്യ കാർമ്മികത്വം വഹിക്കും. പൂജകൾ പൂർത്തിയാക്കി രാത്രി 10 ന് ഹരിവരാസനം ചൊല്ലി നട അടക്കും.  ശേഷം മണ്ഡല ഉത്സവത്തിനായി ഈ മാസം 16 ന് വൈകുന്നേരം ശബരിമല നട വീണ്ടും തുറക്കും.

Exit mobile version