ന്യൂഡല്‍ഹി: ഇന്ത്യയുടെ ചന്ദ്ര പര്യവേഷണം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ചന്ദ്രയാന്‍ നാല് എത്തുമെന്ന് ഐഎസ്ആര്‍ഒ അധ്യക്ഷന്‍ എസ് സോമനാഥ്. ചന്ദ്രയാന്‍ നാലിന്റെ ആദ്യ ലക്ഷ്യം ഇന്ത്യന്‍ ബഹിരാകാശ യാത്രികനെ 2040ഓടെ ചന്ദ്രനിലെത്തിക്കുകയാണ്. ചന്ദ്രയാന്‍ 4 ഇപ്പോള്‍ നിര്‍മാണ ഘട്ടത്തിലാണെന്നും സോമനാഥ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലായിരുന്നു ഇസ്രൊ അധ്യക്ഷന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ചന്ദ്രയാന്‍ നാല് എന്ന ആശയം ഞങ്ങള്‍ ഇപ്പോള്‍ വികസിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ചന്ദ്രയാന്‍ ദൗത്യങ്ങളുടെ തുടര്‍ച്ചയാണിതെന്നും സോമനാഥ് പറഞ്ഞു.
നമ്മുടെ പ്രധാനമന്ത്രി 2040ല്‍ ഇന്ത്യക്കാരന് ചന്ദ്രനില്‍ വന്നിറങ്ങുമെന്ന് നേരത്തെ പ്രഖ്യാപിച്ചതാണ്. അത് യാഥാര്‍ത്ഥ്യമാകണമെങ്കില്‍ വിവിധ തരത്തിലുള്ള ചന്ദ്ര പര്യവേഷണങ്ങള്‍ തുടരേണ്ടതുണ്ടെന്നും ഇസ്രൊ അധ്യക്ഷന്‍ പറഞ്ഞു. ഈ ഒരു ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് ചന്ദ്രയാന്‍ 4. ചന്ദ്രനില്‍ ബഹിരാകാശ വാഹനം ഇറക്കുകയും, സാമ്പിള്‍ ശേഖരിച്ച് ഭൂമിയിലേക്ക് മടങ്ങി വരുന്നതുമായ കാര്യങ്ങളാണ് പ്ലാന്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു ഇതിലൂടെ ചന്ദ്രനില്‍ മനുഷ്യനെ എത്തിച്ചുവെന്ന നേട്ടം സ്വന്തമാക്കാനാവുമെന്നും സോമനാഥ് വ്യക്തമാക്കി. . നിരവധി പദ്ധതികള്‍ ഐഎസ്ആര്‍ഒ ഇപ്പോള്‍ വികസിപ്പിച്ചെടുക്കാന്‍ ശ്രമിക്കുന്നുണ്ട്. റോക്കറ്റ്-ഉപഗ്രഹ പദ്ധതികളും, സാങ്കേതികവിദ്യ വികസന പദ്ധതികളുമെല്ലാം ഇതില്‍ വരുമെന്നും സോമനാഥ് പറഞ്ഞു.
ഇസ്രൊ പുതിയതായി വികസിപ്പിക്കുന്ന നിരവധി പദ്ധതികളാണ് ഉള്ളത്. അതില്‍ ഉപഗ്രഹ പദ്ധതികളുണ്ട്, റോക്കറ്റ് പദ്ധതികള്‍, ആപ്ലിക്കേഷന്‍ പദ്ധതികള്‍, സാങ്കേതികവിദ്യ വികസന പദ്ധതികള്‍, എന്നിവയെല്ലാമുണ്ട്. പത്തോലം റോക്കറ്റ് പദ്ധതികളാണ് ഉള്ളത്. നാല്‍പ്പത് പദ്ധതികള്‍ വരെ ഉപഗ്രഹങ്ങള്ക്കായിട്ടുണ്ട്. നൂറില്‍ അധികം ആപ്ലിക്കേഷന്‍ പദ്ധതികളുണ്ട്.