ഗുണ്ടകളെ പൂട്ടും ; പൊലീസ്‌ സ്‌റ്റേഷനുകളിൽ ആന്റി ഓർഗനൈസ്‌ഡ്‌ ക്രൈംസ്‌ സെൽ.

തിരുവനന്തപുരം:സംസ്ഥാനത്ത്‌ ഗുണ്ടാ ആക്രമണങ്ങളും ലഹരി ഉപയോഗവും തടയാൻ  പൊലീസ്‌ സ്‌റ്റേഷനുകളിൽ  ആന്റി ഓർഗനൈസ്‌ഡ്‌ ക്രൈംസ്‌ സെൽ (എഒസിസി). ഗുണ്ടകളെ നിരീക്ഷിക്കാനും അമർച്ച ചെയ്യാനുമായി  സ്റ്റേഷൻ ഹൗസ്‌ ഓഫീസറുടെ നേതൃത്വത്തിൽ രണ്ട്‌ പൊലീസുദ്യോഗസ്ഥർ ഉൾപ്പെടുന്ന എഒസിസി ഓരോ സ്റ്റേഷനിലും രൂപീകരിക്കും.  സ്പെഷ്യൽ ആക്‌ഷൻ ഗ്രൂപ്പ്‌ എഗയിൻസ്റ്റ്‌ ഓർഗനൈസ്‌ഡ്‌ ക്രൈംസി (എസ്‌എജിഒസി)നും രൂപം നൽകി.

ജില്ലാ പൊലീസ്‌ മേധാവിമാരുടെ മേൽനോട്ടത്തിൽ ജില്ലാ നർകോട്ടിക്‌സ്‌ സെൽ ഡിവൈഎസ്‌പി, അസി. കമീഷണർ നേതൃത്വത്തിൽ രണ്ട്‌ എസ്‌ഐമാരും കുറഞ്ഞത്‌ പത്ത്‌ പൊലീസുദ്യോഗസ്ഥരും എസ്‌എജിഒസി അംഗങ്ങളാണ്‌.  അതതു ജില്ലകളിലെ സ്ഥിരം കുറ്റവാളികളെയും അവരുടെ പണമിടപാടുകളും മറ്റ്‌ പ്രവർത്തനങ്ങളും നിരീക്ഷിക്കുകയും വേണ്ട സമയത്ത്‌ കൃത്യമായ ഇടപെടൽ നടത്തുകയുമാണ്‌ ലക്ഷ്യം.സംസ്ഥാനത്ത്‌ ഗുണ്ടകളെയും സമൂഹവിരുദ്ധരെയും അമർച്ച ചെയ്യാനും കാര്യക്ഷമമായ നടപടി സ്വീകരിക്കാനുമായി  ഓപ്പറേഷൻ കാവൽ പദ്ധതി നിലവിലുണ്ട്‌. ഗുണ്ടാ സമൂഹവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ കണ്ടെത്തി കാപ്പ നിയമം ഉൾപ്പെടെയുള്ള കരുതൽ നടപടിയും സ്വീകരിക്കുന്നുണ്ട്‌.

Exit mobile version