ഗാന്ധിജയന്തി ദിനത്തിൽ ശുചീകരണ യജ്ഞം

തിരുവനന്തപുരം: ഒക്ടോബർ ഒന്നിനും രണ്ടിനും തദ്ദേശവകുപ്പ് സംഘടിപ്പിക്കുന്ന ശുചീകരണ യജ്ഞത്തിൽ 25 ലക്ഷം പേർ പങ്കെടുക്കും. മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ  ഭാഗമായി ഗാന്ധിജയന്തിയോട്‌ അനുബന്ധിച്ച് ഓരോ വാർഡിൽനിന്നും കുറഞ്ഞത് 200 പേർ പങ്കെടുക്കുന്ന യജ്ഞത്തിൽ നഗരങ്ങൾ, ബസ്‌സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, പാർക്കുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, മാർക്കറ്റുകൾ തുടങ്ങിയവ വൃത്തിയാക്കും.

സ്വച്ഛതാ ഹി സേവ ക്യാമ്പയിനിന്റെ ഭാഗമായി ഒക്ടോബർ ഒന്നിനും മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ഒക്ടോബർ രണ്ടുമുതൽ 15 വരെയും എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ശുചീകരണം നടത്തും. ഒക്ടോബർ രണ്ടുമുതൽ നടക്കുന്ന തീവ്ര ശുചീകരണ പരിപാടിയിൽ കർട്ടൻ റൈസർ എന്ന നിലയിയിൽ ഒക്ടോബർ ഒന്നിന് ഒരു മണിക്കൂർ ശുചീകരണം നടത്തും. പൊതുജനങ്ങൾ, ജനപ്രതിനിധികൾ, യുവാക്കൾ, സെലിബ്രിറ്റികൾ തുടങ്ങിയവർ ഭാഗമാകും.  ശുചീകരണ പ്രവർത്തനങ്ങളിൽ 23,000 ഇടങ്ങൾ മാലിന്യമുക്തമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന്‌ തദ്ദേശമന്ത്രി എം ബി രാജേഷ്‌ പറഞ്ഞു.വിദ്യാലയങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലും മാലിന്യ സംസ്കരണം ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾ ഒക്ടോബർ രണ്ടുമുതൽ 10 വരെ നടത്തും. ചിക്കൻ കട്ടിങ്‌ കേന്ദ്രങ്ങൾ ചിക്കൻ റെൻഡറിങ് ഏജൻസികളുമായി കരാർ വച്ചു എന്ന് ഉറപ്പാക്കൽ,  മാലിന്യക്കൂനകളുടെ സമ്പൂർണ ശുചീകരണം, ജലാശയങ്ങളിലെ ഖരമാലിന്യം നീക്കംചെയ്യൽ എന്നിവ ഒക്ടോബറിൽ പൂർത്തിയാക്കും.

Exit mobile version