ഗവർണർ സ്ഥാനത്തിരിക്കാന്‍ ആരിഫ് മുഹമ്മദ് ഖാന്‍ യോഗ്യനല്ല: എം.വി ജയരാജന്‍

കണ്ണൂര്‍: കേരള ഗവര്‍ണര്‍ എല്ലാ സീമകളും ലംഘിക്കുകയാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ പറഞ്ഞു. കണ്ണൂര്‍ സര്‍വ്വകലാശാല വിസിക്കെതിരായ ക്രിമിനല്‍ പരാമര്‍ശം ദൗര്‍ഭാഗ്യകരമാണ്. അദ്ദേഹം ഗവര്‍ണര്‍ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ലെന്നും ജയരാജന്‍ പറഞ്ഞു.

ഡല്‍ഹിയില്‍ വച്ച് ഗൂഡാലോചന നടത്തിയെന്ന പരാമര്‍ശം ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. ഗവര്‍ണര്‍ പൗരത്വ ഭേദഗതിയെ ന്യായീകരിച്ചു. എന്നാല്‍ ചരിത്ര കോണ്‍ഗ്രസ് വേദി രാഷ്ട്രീയ വേദിയല്ല. ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ ഗവര്‍ണര്‍ സംഘപരിവാറിന്റെ ശബ്ദമായി. അതാണ് അവിടെ പ്രതിഷേധമുണ്ടാകാന്‍ കാരണം. ഇങ്ങനെയൊക്കെ കള്ളം പറയാന്‍ ഈ പദവിയിലില്‍ ഇരിക്കുന്ന ആള്‍ക്ക് സാധിക്കുമോ? വൈസ് ചാന്‍സലര്‍ക്കെതിരായ വ്യക്തിഹത്യ പരാമര്‍ശം പിന്‍വലിക്കണം.  നിയമസഭയില്‍ ഗവര്‍ണറുടെ നടപടി ചര്‍ച്ചയാകും. കെ സുധാകരന്‍ ചക്കിക്കൊത്ത ചങ്കരനാണ്. കോണ്‍ഗ്രസില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്നില്ല.

കണ്ണൂര്‍ സര്‍വ്വകലാശാല നിയമന വിവാദ പട്ടികയിലെ രണ്ടാം റാങ്കുകാരന് ഒന്നാം റാങ്കുകാരിയുടെ അത്ര യോഗ്യതയില്ല. നെറ്റ് പാസായില്ല. ഡിഗ്രിക്ക് എക്കണോമിക്‌സാണ് പഠിച്ചത്. അയോഗ്യരായ ഒരാളെയും കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നിയമിച്ചിട്ടില്ല. നിയമനം ക്രമവിരുദ്ധമാണെന്ന് ഗവര്‍ണര്‍ പറയുന്നത് അടിസ്ഥാന രഹിതമാണ്. ഗവര്‍ണറുടെ പ്രതികരണങ്ങള്‍ ആരോ എഴുതി കൊടുത്ത് നടത്തുന്നതാണെന്നും എം.വി. ജയരാജന്‍ പറഞ്ഞു.

Exit mobile version