ഖത്തറിൽ എട്ട് മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങൾക്ക് വധശിക്ഷ വിധിച്ച നടപടിയ്ക്കെതിരെ ഇന്ത്യ സമര്‍പ്പിച്ച അപ്പീല്‍  ഖത്തര്‍ കോടതി സ്വീകരിച്ചു. 

ഖത്തര്‍: ഖത്തറിൽ എട്ട് മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങൾക്ക് വധശിക്ഷ വിധിച്ച നടപടിയ്ക്കെതിരെ ഇന്ത്യ സമര്‍പ്പിച്ച അപ്പീല്‍  ഖത്തര്‍ കോടതി സ്വീകരിച്ചു. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഖത്തറിലെ ഒരു കോടതി നവംബർ 23ന് അപ്പീൽ രേഖ സ്വീകരിച്ചു. അപ്പീല്‍ വിശദമായി പരിശോധിച്ച ശേഷം വാദം കേള്‍ക്കുന്ന തീയതി ഖത്തര്‍ കോടതി ഉടന്‍ നിശ്ചയിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

 2022 ഓഗസ്റ്റിലാണ് ചാരപ്രവര്‍ത്തനത്തിന് എട്ട് മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങളെ ഖത്തർ രഹസ്യാന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇവര്‍ക്കെതിരായ കുറ്റങ്ങള്‍ ഖത്തര്‍ അധികൃതര്‍ ഇതുവരെ പരസ്യമാക്കിയിട്ടില്ല.  ഖത്തറിലെ ‘കോർട്ട് ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസ്’ ഒക്ടോബർ 26 ന് ഇവര്‍ക്ക് വധശിക്ഷ വിധിച്ചു. ഇവരുടെ ജാമ്യാപേക്ഷ പലതവണ തള്ളിയിരുന്നു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് വിദേശകാര്യ മന്ത്രാലയം അടക്കം സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഖത്തറിനെ സമീപിച്ചതും അപ്പീല്‍ നല്‍കിയതും.

Exit mobile version