ക്രിസ്‌മസ്‌ ആഘോഷങ്ങൾക്ക്‌ തുടക്കമായി.

പത്തനംതിട്ട: “യഹൂദിയായിലെ ഒരുഗ്രാമത്തിൽ ഒരു ധനുമാസത്തിൻ കുളിരും രാവിൽ രാപാർത്തിരുന്നോരാജപാലകർ ദേവനാദം കേട്ടു ആമോദരായ്’ – ക്രിസ്‌മ‌സ് കരോൾ ഗാനങ്ങൾ നാട്ടിലെങ്ങും മുഴങ്ങിത്തുടങ്ങി. വർണ്ണ വിളക്കുകൾ കൊണ്ടും, ക്രിസ്‌മമസ് ട്രീകൾ കൊണ്ടും നാടും, നഗരവും ക്രിസ്‌മസിനെ വരവേൽക്കാൻ നേരത്തേ ഒരുങ്ങി. ആഘോഷങ്ങൾക്ക് നഗരത്തിലെ ദേവാലയങ്ങളിൽ ഒരുക്കങ്ങളും തുടങ്ങി. കോവിഡ്‌ മഹാമാരിയുടെ മറവിൽ രണ്ട്‌ വർഷം കാര്യമായ ആഘോഷങ്ങൾ നടക്കാതിരുന്നതിനാൽ ഇക്കുറി വിപുലമായ ആഘോഷങ്ങളാണ്‌ പലയിടത്തും ഒരുങ്ങുന്നത്‌. പ്രതീക്ഷയും പ്രത്യാശയും നൽകി ക്രിസ്‌മ‌‌‌സ് വിപണിയും സജീവമായി.  മിക്ക സ്ഥലങ്ങളിലും പരസ്പരം സമ്മാനങ്ങൾ കൈമാറാനും ബന്ധങ്ങൾ പുതുക്കാനുമുള്ള അവസരമായാണ്‌ ക്രിസ്‌മസ്‌ കണക്കാക്കപ്പെടുന്നത്‌. ജാതിമത  ഭേദമില്ലാതെ എല്ലാവരും ഇതിനായി ഒത്തുചേരുകയും ചെയ്യുന്നു.നക്ഷത്രങ്ങളും കേക്കുകളും ട്രീയുമെല്ലാം വിപണി പിടിച്ചടക്കിയിട്ടുണ്ട്‌.  കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ക്രിസ്‌മസ് പപ്പയുടെ വേഷവിധാനങ്ങളും വിപണയിൽ സജീവം. 200 രൂപ മുതലാണ് ക്രിസ്‌മസ് പപ്പയുടെ വസ്ത്രങ്ങള്‍ക്ക് വില. വലിപ്പമനുസരിച്ചും ഗുണനിലവാരം അനുസരിച്ചുമാണ് വിലയില്‍ ഏറ്റകുറച്ചിൽ.  പുല്‍ക്കൂട്ടില്‍ വയ്ക്കുന്ന ഉണ്ണിയേശു ഉള്‍പ്പടെയുളള ഒരു സെറ്റ് പ്രതിമകള്‍ക്ക് 250 മുതല്‍ 750 രൂപ വരെയാണ് വില. 200 രൂപയുടെ ചെറിയ ട്രീ മുതല്‍ 3000 രൂപയുടെ വര ക്രിസ്‌മ‌സ് ട്രീ വിപണിയിലുണ്ട്. നക്ഷത്ര വിളക്കിന് 50 മുതൽ 600 രൂപ വരെയാണ് വില. നൂറ്റമ്പത് രൂപയുടെ നക്ഷത്രങ്ങളാണ് കൂടുതൽ വിറ്റഴിയുന്നത്. എൽഇഡി ബൾബുകളും നക്ഷത്രങ്ങളുമാണ് ക്രിസ്മസ് വിപണിയുടെ പ്രധാന ആകർഷണം. എൽഇഡി നക്ഷത്രങ്ങളാണ് ആളുകൾക്ക് കൂടുതൽ താല്പര്യം. 150 മുതൽ 500 രൂപ വരെ വിലയുണ്ട്. ലേസർ പോലെയുള്ള ബൾബുകളും  ധാരാളം വിറ്റുപോകുന്നു.  ക്രിസ്‌മസ് ട്രീ അലങ്കാരങ്ങൾ, പുൽക്കൂട്, സാന്താക്ലോസ് മുഖംമൂടി അടക്കമുള്ള ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിയിട്ടുണ്ട്. ക്രിസ്‌മസ് കേക്ക്‌ വിൽപ്പനയും നല്ല രീതിയിൽ നടക്കുന്നു. ഇടയ്‌ക്കിടെ പെയ്യുന്ന മഴ മാത്രമാണ്‌ നിലവിൽ ആഘോഷങ്ങൾക്ക്‌ വെല്ലുവിളി. ക്ലബുകളുടെയും റെസിഡൻസ്‌ അസോസിയേഷനുകളുടെയും നേതൃത്വത്തിൽ ക്രിസ്‌മസ്‌ ആഘോഷങ്ങൾക്കും തുടക്കമായി.

Exit mobile version