കോഴിക്കോട്‌ – പാലക്കാട്‌ ഗ്രീൻഫീൽഡ്‌ ഹൈവേ; ഭൂമിയേറ്റെടുക്കലിന്‌ വിജ്ഞാപനമായി.

മലപ്പുറം : കോഴിക്കോട്‌ – പാലക്കാട്‌ ഗ്രീൻഫീൽഡ്‌ ഹൈവേക്കായി ജില്ലയിൽ ഏറ്റെടുക്കുന്ന ഭൂമിയുടെ ത്രി–ഡി വിജ്ഞാപനം ഇറങ്ങി. എടത്തനാട്ടുകരമുതൽ വാഴയൂർവരെ 52 കിലോമീറ്റർ റോഡിനായി 239 ഹെക്‌ടറാണ്‌ ഏറ്റെടുക്കുന്നത്‌. ഇതിൽ 212 ഹെക്‌ടർ ഭൂമിയുടെ വിജ്ഞാപനമാണ്‌ ഇറങ്ങിയത്‌. വില്ലേജിലെ അടിസ്ഥാന നികുതി രജിസ്‌റ്ററിൽ രേഖപ്പെടുത്തിയവരുടെ പേരാണ്‌ ഇതിലുണ്ടാവുക. 45 മീറ്റര്‍ വീതിയിൽ ഏറ്റെടുക്കുന്ന സ്ഥലങ്ങൾ ഉൾപ്പെടുത്തി ത്രീ – എ വിജ്ഞാപനം ഒരാഴ്‌ചക്കകം പുറത്തിറങ്ങും. നിലവിലെ പട്ടികയിൽ ഉൾപ്പെട്ടവരുടെ രേഖ പരിശോധന മാർച്ച്‌ ഒന്നുമുതൽ 14 വരെ മഞ്ചേരി ടൗൺഹാളിൽ നടക്കും. 

രേഖകൾ നൽകണം 

വിജ്ഞാപനത്തിൽ ഉൾപ്പെട്ട ഭൂവുടമകൾ അസൽ ആധാരം, പട്ടയം, അടിയാധാരം (കുറഞ്ഞത്‌ 24 വർഷംവരെയുള്ളത്‌), നികുതിച്ചീട്ട്‌, കൈവശം, നോൺ അറ്റാച്ച്‌മെന്റ്‌ സർട്ടിഫിക്കറ്റ്‌, കെട്ടിടമുണ്ടെങ്കിൽ നികുതി രശീതി, ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്‌ എന്നിവ ഹാജരാക്കണം. സ്ഥല ഉടമ ജീവിച്ചിരിപ്പില്ലെങ്കിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ്‌ നൽകണം. പാൻകാർഡ്‌, ബാങ്ക്‌ പാസ്‌ബുക്ക്‌, ആധാർ കാർഡ്‌, ഭൂ ഉടമ ഹാജരായില്ലെങ്കിൽ പവർ ഓഫ്‌ അറ്റോണി എന്നിവയും ഹാജരാക്കണം. ഏറ്റെടുക്കുന്ന ഭൂമിയിലെ കച്ചവടക്കാർക്കും പരിശോധനയിൽ പങ്കെടുക്കാം. വാടക കരാർ പകർപ്പ്‌, ലൈസൻസ്‌, പാൻ കാർഡ്‌, ബാങ്ക്‌ പാസ്‌ബുക്ക്‌, ആധാർ കാർഡ്‌ എന്നിവയുമായി എത്തണം. 

നടപടി അതിവേഗം 

മാർച്ച്‌ പകുതിയോടെ വിചാരണ പൂർത്തീകരിച്ച്‌ നഷ്‌ടപരിഹാരത്തുകയ്‌ക്കുള്ള രൂപരേഖ തയ്യാറാക്കും. മാർച്ച്‌ 31നകം ഡെപ്യൂട്ടി കലക്ടറുടെ അക്കൗണ്ടിൽ തുക ലഭ്യമാകുമെന്നാണ്‌ കരുതുന്നത്‌. തുക എത്തിയാൽ നഷ്‌ടപരിഹാരം സംബന്ധിച്ച ഉത്തരവ്‌ ഭൂവുടമകൾക്ക്‌ നൽകും. നോട്ടീസ്‌ ലഭിച്ച്‌ രണ്ടുമാസത്തിനകം ഭൂമി ഒഴിഞ്ഞുകൊടുക്കണം. ഭൂമി നൽകി ദിവസങ്ങൾക്കകം നഷ്ടപരിഹാരം ബാങ്ക്‌ അക്കൗണ്ടിൽ എത്തും. ഭൂമിയിൽ അവകാശ തർക്കമുള്ളവരുടെയും മുഴുവൻ രേഖയും നൽകാത്തവരുടെയും നഷ്‌ടപരിഹാരം കോടതിയിൽ കെട്ടിവച്ച്‌ ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കും.

Exit mobile version