കോട്ടയം മത്സര വള്ളംകളി ശനിയാഴ്‌ച: 9 ചുണ്ടൻ വള്ളങ്ങൾ മാറ്റുരയ്ക്കും

കോട്ടയം: കൊവിഡ് കവർന്ന 2വർഷത്തെ ഇടവേളയ്ക്ക് ശേഷം കോട്ടയം താഴത്തങ്ങാടി വീണ്ടും ജലമേളയുടെ ആഘോഷത്തിമിർപ്പിലേക്കെത്തുന്നു. ശനിയാഴ്ച നടക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് ആൻഡ്‌ ഗെയിൽ കോട്ടയം മത്സര വള്ളംകളിക്കുള്ള വള്ളങ്ങളുടെ രജിസ്‌ട്രേഷൻ പൂർത്തിയായി. മീനച്ചിലാറ്റിൽ നടക്കുന്ന വള്ളംകളിക്ക്‌ സിബിഎൽ വിഭാഗത്തിലെ  9 ചുണ്ടൻ വള്ളങ്ങളോടൊപ്പം, ഇരുട്ടുകുത്തി, വെപ്പ്‌, ചുരുളൻ വിഭാഗങ്ങളടക്കം 27 വള്ളങ്ങളാണ് രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്.

വള്ളങ്ങളുടെ ട്രാക്ക്‌ ആൻഡ് ഹീറ്റ്സ് നിർണയം ഞായറാഴ്ച നടന്നു. ക്യാപ്‌റ്റൻമാർക്ക്‌ ആവശ്യമായ നിർദേശങ്ങളും നൽകി. വിവിധ ക്ലബുകളുടെ വള്ളങ്ങൾ താഴത്തങ്ങാടിയിൽ പരിശീലനത്തിന്‌ എത്തിത്തുടങ്ങി. കോട്ടയം വെസ്‌റ്റ്‌ ക്ലബ്‌, കോട്ടയം നഗരസഭ, ഡിടിപിസി, തിരുവാർപ്പ്‌ പഞ്ചായത്ത്‌ എന്നിവർ ചേർന്നാണ്‌ മത്സരം സംഘടിപ്പിക്കുന്നത്‌. 29ന് പകൽ 2 മുതൽ 5 വരെയാണ്‌ വള്ളംകളി. അനുബന്ധിച്ച്‌ കെ.വി ജോൺ കൊച്ചേട്ട്‌ മെമ്മോറിയൽ ട്രോഫിക്ക്‌ വേണ്ടിയുള്ള വഞ്ചിപ്പാട്ട്‌ മത്സരം വെള്ളിയാഴ്‌ച വൈകിട്ട്‌ ഏഴിന്‌ നടക്കും. ചാമ്പ്യൻസ് ബോട്ട് ലീഗും  ഗെയിൽ കോട്ടയം മത്സര വള്ളംകളിയും ഒരുമിച്ച് നടക്കുന്നതിനാൽ ചുണ്ടൻ വള്ളങ്ങളുടെയും ചെറുവള്ളങ്ങളുടെയും തീ പാറുന്ന പോരാട്ടങ്ങൾക്കായിരിക്കും താഴത്തങ്ങാടി വേദിയാവുക. 

കാട്ടിൽ തെക്കേതിൽ (പള്ളാത്തുരുത്തി ബോട്ട് ക്ലബ്), നടുഭാഗം (എൻ.സി.ഡി.സി. കൈപ്പുഴമുട്ട്), വീയപുരം (പുന്നമട ബോട്ട് ക്ലബ്, ആലപ്പുഴ), ചമ്പക്കുളം (പൊലീസ് ബോട്ട് ക്ലബ്), ചെറുതന(യു.ബി.സി. കൈനകിരി), പായിപ്പാടൻ (വേമ്പനാട് ബോട്ട് ക്ലബ്, കുമരകം), സെന്റ് പയസ് ടെൻത് (ടൗൺ ബോട്ട് ക്ലബ് കുമരകം), ആയാപറമ്പ് പാണ്ടി ( കുമരകം ബോട്ട് ക്ലബ്), ദേവാസ് (വില്ലേജ് ബോട്ട് ക്ലബ്, എടത്വ ) എന്നിവയാണ് മത്സരത്തിൽ പങ്കെടുക്കുന്ന ചുണ്ടൻ വള്ളങ്ങൾ.

ചെറുവള്ളങ്ങളിൽ വെപ്പ് എ ഗ്രേഡ് വിഭാഗത്തിൽ കോട്ടപ്പറമ്പൻ (കാവാലം ബോട്ട് ക്ലബ്), അമ്പലക്കടവൻ (സമുദ്ര ബോട്ട് ക്ലബ് കുമരകം), ജയ്-ഷോട്ട് മാലിയിൽ പുളിക്കത്തറ ( ഫ്രണ്ട്‌സ് ബോട്ട് ക്ലബ്, ഒളശ) എന്നിവയാണ് മത്സരിക്കുക. ഇരുട്ടുകുത്തി എ ഗ്രേഡ് വിഭാഗത്തിൽ തുരുത്തിത്തറ(ആർപ്പൂക്കര ബോട്ട് ക്ലബ് ) , മൂന്ന് തൈയ്ക്കൻ ( ഫ്രണ്ട്‌സ് ബോട്ട് ക്ലബ് ഒളശ) , മാമൂടൻ (പരിപ്പ് ബോട്ട് ക്ലബ് ), എന്നിവയും വെപ്പ് ബി ഗ്രേഡ് വിഭാഗത്തിൽ ചിറമേൽ തോട്ടു കടവൻ(അറുപുഴ ബോട്ട് ക്ലബ് ) , പുന്നത്ര പുരയ്ക്കൻ (യുവാ തിരുവാർപ്പ് ), എബ്രഹാം മൂന്നു തൈക്കൻ ( കൊടുപ്പുന്ന ബോട്ട് ക്ലബ് ) , പി.ജി. കരീപ്പുഴ( യുവശക്തി ബോട്ട് ക്ലബ് കുമരകം) എന്നിവയാണ് മത്സരിക്കുന്നത്.

Exit mobile version