കൊല്ലം കലക്‌ടറേറ്റിലെ ബോംബ് ഭീഷണി: യുവാവും അമ്മയും അറസ്റ്റിൽ.

കൊല്ലം: കലക്‌ടറേറ്റിലേക്ക് വ്യാജ ബോംബ് ഭീഷണി കത്തയച്ച കേസിൽ തൃക്കടവൂർ മതിലിൽ പുത്തൻപുര സാജൻ വില്ലയിൽ സാജൻ ക്രിസ്‌റ്റഫർ (34), അമ്മ കൊച്ചുത്രേസ്യ (62) എന്നിവരെ പ്രത്യേക അന്വേഷക സംഘം അറസ്‌റ്റ് ചെയ്‌തു.  കലക്‌ടർക്കും ജഡ്‌ജിക്കും അയച്ചിരുന്ന കത്തുകളുടെ ഫോട്ടോകളും ഇരുവരുടെയും ഫോണിൽനിന്നു കണ്ടെടുത്തു. നിരവധി സ്ത്രീകളുടെ ഫോട്ടോയും ഫോണിലുണ്ടായിരുന്നു.

ചൊവ്വ വൈകിട്ടോടെയാണ് വെങ്കേക്കരയിലെ വീട്ടിൽനിന്ന് സാജനെ കസ്‌റ്റഡിയിലെടുത്തത്. അമ്മയുടെ പങ്കും തെളിഞ്ഞതിനാൽ ബുധനാഴ്‌ച കൊച്ചുത്രേസ്യയെയും അറസ്‌റ്റ്‌ ചെയ്യുകയായിരുന്നു. 2014ൽ സാജനും സുഹൃത്തായ അമൽ ജോൺസനും ചേർന്ന് അമൽ ജോൺസന്റെ കാമുകിയുടെ പേരിൽ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി അശ്ലീല ചിത്രങ്ങളും മെസേജുകളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ വിചാരണ നടക്കുകയാണ്. ഈ കേസുമായി ബന്ധപ്പെട്ട് കോടതിയിൽ വരാറുള്ള സാജൻ കോടതിക്കും ജില്ലാ ജഡ്‌ജിക്കും കലക്‌ടർക്കും വ്യാജ അശ്ലീലക്കത്തുകളും ഭീഷണിക്കത്തുകളും ജെ പി എന്ന ചുരുക്കനാമത്തിൽ അയക്കുകയായിരുന്നു.എസിപി അഭിലാഷിന്റെ നേതൃത്വത്തിൽ കൊല്ലം വെസ്റ്റ് സിഐ ഷെഫീഖ്, കൺട്രോൾ റൂം സിഐ ജോസ്, എസ്ഐ അനീഷ്,  ദീപു, ജ്യോതിഷ്‌കുമാർ, ഷെമീർ, ബിനു,  ജലജ, രമ, ബിന്ദു, സുമ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. 

കുഴപ്പിക്കാൻ കുബുദ്ധി 

കോടതിയുടെ അനുമതിയോടെ ചൊവ്വാഴ്ച സാജന്റെ വെങ്കേക്കരയിലെ വീട് പരിശോധിച്ചപ്പോഴാണ് പൊലീസിന് ഞെട്ടിക്കുന്ന തെളിവുകൾ ലഭിച്ചത്. ഏഴ് മൊബൈൽ ഫോണും മെമ്മറി കാർഡുകളും പെൻഡ്രൈവുകളും ഹാർഡ് ഡിസ്‌കുകളും അമ്പതോളം ഭീഷണിക്കത്തുകളും കണ്ടെടുത്തു. ഇതിൽ കോടതിയിൽ വന്ന അതേ കൈപ്പടയിൽ ജെ പി എന്ന ചുരുക്കനാമത്തിൽ സാജനെയും അമ്മ കൊച്ചുത്രേസ്യയെയും ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള കത്തുകളും ഉണ്ടായിരുന്നു. ഇത് പൊലീസിനെ ആശയക്കുഴപ്പത്തിലാക്കി. തുടർന്നുള്ള ചോദ്യംചെയ്യലിലാണ് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ  ചെയ്‌ത‌താണെന്ന് സമ്മതിച്ചത്. 

 ‘കുറ്റവാളി’യെ സൃഷ്ടിച്ച്‌ പ്രതി

 ഒരു കത്തിൽ ജിൻസൺ എന്നയാളാണ് ഇത്തരത്തിൽ ഭീഷണിക്കത്തുകൾ അയക്കുന്നതെന്നും അവന്റെ വാഹന നമ്പരും കൈയക്ഷരവും പരിശോധിച്ചാൽ കാര്യങ്ങൾ വ്യക്തമാകുമെന്നും എഴുതിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജിൻസനെ പൊലീസ് ചോദ്യംചെയ്‌തു.  2016ൽ പ്രതിയെയും അമ്മയെയും കലക്‌ടറേറ്റിൽ കണ്ടിരുന്നുവെന്ന് ജിൻസൺ മൊഴി നൽകി. കലക്‌ടർക്ക് പരാതി നൽകാൻ വന്നതാണെന്നും എഴുതാൻ അറിയില്ല എന്നും പറഞ്ഞ് തന്നെക്കൊണ്ട് പരാതി ഇവർ എഴുതിപ്പിച്ചെന്നും ജിൻസൺ വ്യക്തമാക്കി. ഈ പരാതിയിലെ കൈയക്ഷരം  വർഷങ്ങളോളം പകർത്തിയെഴുതി പഠിച്ചു. തുടർന്ന് ഈ കൈയക്ഷരത്തിലാണ് കോടതിക്കും കലക്‌ട‌ർക്കും സ്വന്തം വിലാസത്തിലുമെല്ലാം ഭീഷണിക്കത്തുകൾ അയച്ചുകൊണ്ടിരുന്നത്. കലക്‌ടറേറ്റിൽ കണ്ട വാഹനനമ്പർ ഉപയോ​ഗിച്ച് പ്രതി ആർടിഒ സൈറ്റിൽനിന്ന് ആർസി ഓണർ ജിൻസന്റെ വിവരങ്ങൾ മനസ്സിലാക്കുകയായിരുന്നു.  

വ്യാജരേഖ ചമച്ചതിന് റിമാൻഡിൽ 

കോടതിയുടെ പേരിൽ വ്യാജ നോട്ടീസുണ്ടാക്കിയ കേസിൽ സാജനെയും അമ്മ കൊച്ചുത്രേസ്യയെയും റിമാൻഡ് ചെയ്‌തു. സാജൻ ജില്ലാ ജയിലിലും കൊച്ചുത്രേസ്യ അട്ടക്കുളങ്ങര ജയിലിലുമാണ്. 2019ലാണ് കൊച്ചുത്രേസ്യയുടെ പേരിൽ കോടതിയിൽനിന്ന് നോട്ടീസ് വന്നത്. ഇരുവരും ഹാജരായെങ്കിലും അങ്ങനെയൊരു നോട്ടീസ് അയച്ചിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. തുടർന്ന് വ്യാജരേഖ ചമച്ചതിന് കോടതി നിർദേശപ്രകാരം കേസെടുത്തു. ചോദ്യംചെയ്യലിനിടെയാണ് ഈ കുറ്റവും സമ്മതിച്ചത്. മൊബൈലിൽ കോടതി നോട്ടീസ് വ്യാജമായി തയ്യാറാക്കി. ഒരു കഫേയിലെത്തി പ്രിന്റ് എടുത്തു. തുടർന്ന് ഹൈസ്‌കൂൾ ജങ്ഷനിലെ തപാൽ ബോക്‌സ് വഴി അമ്മ തന്നെയാണ് അയച്ചതെന്ന് സാജൻ കുറ്റസമ്മതം നടത്തി. ഫോണിൽനിന്ന് നോട്ടീസിന്റെ പകർപ്പും ലഭിച്ചു.

Exit mobile version