കൊച്ചി വരാപ്പുഴയിൽ പടക്ക നിർമ്മാണശാലയിൽ സ്ഫോടനം: ഒരാൾ മരിച്ചു, ആറുപേർക്ക്‌ പരിക്ക്.

കൊച്ചി:എറണാകുളം വരാപ്പുഴയിൽ പടക്കം സൂക്ഷിച്ച കെട്ടിടത്തിൽ വൻസ്‌ഫോടനം, ഒരാൾ മരിച്ചു. മൂന്നു കുട്ടികളടക്കം ആറുപേർക്ക്‌ പരിക്കേറ്റു. ചൊവ്വ വൈകിട്ട് 5.10നായിരുന്നു സ്‌ഫോടനം. പടക്കശാലയിലെ സഹായി ഈരയില്‍ ഡേവിസാണ് (52) മരിച്ചത്. ജാൻസൺ (37), ഫ്രഡീന (29), കെ ജെ മത്തായി (69), എസ്തർ (7), എൽസ (5), ഇസബെൽ (8) എന്നിവർക്കാണ്‌ പരിക്കേറ്റത്‌. ഫ്രഡീനയുടെ പരിക്ക്‌ ഗുരുതരമാണ്‌. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്‌. പടക്കസാമഗ്രികൾ സൂക്ഷിച്ചിരുന്ന കെട്ടിടവും സമീപത്തെ വീടും സ്‌ഫോടനത്തിൽ പൂർണമായി തകർന്നു.

അനധികൃത പടക്കശേഖരത്തിനാണ്‌ തീപിടിച്ചതെന്നാണ്‌ വിവരം. പടക്കവിൽപ്പനയ്‌ക്കുള്ള ലൈസൻസ്‌ മാത്രമാണ്‌ ഉടമയ്‌ക്ക്‌ ഉണ്ടായിരുന്നതെന്നാണ്‌ സൂചന. ഉഗ്രശേഷിയുള്ള സ്‌ഫോടകവസ്തുക്കളും ഇവിടെ  സൂക്ഷിച്ചിരുന്നു. ഇരുപത്തഞ്ചോളം വീടുകളുള്ള പ്രദേശമാണിത്‌.  സ്‌ഫോടനത്തിൽ ഒന്നരക്കിലോമീറ്റർ ചുറ്റളവിൽ പ്രകമ്പനമുണ്ടായി. ഇരുപതിലധികം വീടുകൾക്ക്‌ നാശം നേരിട്ടു.  അഗ്നി രക്ഷാസേനയുടെ ഏഴ്‌ യൂണിറ്റ്‌ എത്തിയാണ്‌ രക്ഷാപ്രവർത്തനം നടത്തിയത്‌.

Exit mobile version