കൊച്ചിയിൽ കൊല്ലപ്പെട്ടത് നേപ്പാളുകാരി; കൂടെ താമസിച്ചിരുന്നത് ഭർത്താവല്ലെന്നും പൊലീസ്

കൊച്ചി: ഇളംകുളത്ത് വീടിനുള്ളിൽ യുവതിയെ കൊന്ന് പ്ലാസ്റ്റിക്ക് കവറിലൊളിപ്പിച്ച സംഭവത്തിൽ യുവതിയെ തിരിച്ചറിഞ്ഞ് പൊലീസ്. നേപ്പാളുകാരി ഭഗീരഥി ധാമിയാണ് കൊല്ലപ്പെട്ടത്. ഇവർ ലക്ഷ്മി എന്ന പേരിലാണ് കൊച്ചിയിൽ താമസിച്ചതെന്നും പൊലീസ് പറയുന്നു. 

ഈ മാസം ഒക്‌ടോബർ 17നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തുന്നത്. ഇവരുടെ ഒപ്പം താമസിച്ചിരുന്ന റാം ബഹദൂര്‍ എന്നയാള്‍ ഇവരുടെ ഭര്‍ത്താവല്ലെന്നും പൊലീസ് പറയുന്നു. റാം ബഹദൂറിനെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. ഇയാൾ സംഭവത്തിനു ശേഷം കേരളം വിട്ടെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. 

ഇവർ വീട്ടുടമയ്ക്ക് നൽകിയ തിരിച്ചറിയൽ രേഖകളും വ്യാജമെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഈ വിലാസം ഇവർ മഹാരാഷ്ട്രയിൽ താമസിച്ചപ്പോൾ ഉള്ളതാണെന്നും എന്നാൽ യഥാർതത്തിൽ ഇവർ നേപ്പളി സ്വദേശികളാണെന്നും പൊലീസ് പറയുന്നു. റാം ബഹദൂറിന്റെ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആണ്. ഇയാള്‍ക്ക് കൊലയ്ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.  ശ്വാസം മുട്ടിച്ചാണ് യുവതിയെ കൊലപ്പെടുത്തിയത്. 

പത്ത് വര്‍ഷത്തിലേറെയായി റാം ബഹാദൂർ കൊച്ചിയിലുണ്ട്. ജോലിക്കെന്ന പേരിലാണ് നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭഗീരഥി കൊച്ചിയില്‍ എത്തിയത്. കൊച്ചി ഇളംകുളത്തിനടുത്ത് ചെലവന്നൂരിലെ വീടിനുള്ളിൽ നിന്ന് ഇന്നലെയാണ് ലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തുന്നത്. മൃതദേഹം പ്ലാസ്റ്റിക് കവറിനുളളിൽ പൊതിഞ്ഞ നിലയിലായിരുന്നു. ദിവസങ്ങളോളം പഴക്കമുണ്ടായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വീടിന് പുറത്തേക്ക് ആരെയും കണ്ടിരുന്നില്ല. വീട്ടിൽ നിന്ന് ദുർഗന്ധം വരുന്നത് ശ്രദ്ധയിൽപെട്ടതോടെ വീട്ടുടമ അയൽക്കാരെ വിവരം അറിയിച്ചു. തുടർന്ന് പൊലീസെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെടുത്തത്. 

Exit mobile version