കേരളത്തിൽ 310 വോട്ടർമാർ, എല്ലാവർക്കും വോട്ട് തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഇന്ത്യൻ നാഷണൽ കോൺ​ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് 310 വോട്ടർമാരാണുള്ളത്. ഇവർക്കെല്ലാം വോട്ട് തിരുവനന്തപുരത്തെ ഇന്ദിരാഭവനിലും. രണ്ടു ബൂത്തുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഒരു ബൂത്തിൽ 155 പേർ വീതം വോട്ട് ചെയ്യും. രാവിലെ പത്ത് മുതൽ വൈകുന്നേരം നാല് വരെയാണ് വോട്ടെടുപ്പ്.
രാജ്യത്തെമ്പാടുമായി എ.ഐ.സി.സിയിലും പ്രദേശ് കോൺഗ്രസ് കമ്മറ്റികളിലും ഒരുക്കിയിട്ടുള്ള ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 200 വോട്ടർമാർക്ക് ഒരു ബൂത്ത് വീതം ഒരുക്കി. 9,308 എ.ഐ.സി.സി അംഗങ്ങൾക്കാണ് വോട്ടവകാശം. അക്ഷരമാല ക്രമത്തിൽ ആദ്യം ഖാർഗെയുടേയും രണ്ടാമത് തരൂരിന്റെയും പേരാണ് ഉൾപ്പെടുത്തിയിരിയ്ക്കുന്നത്. വോട്ടർമാർക്ക് പ്രത്യേക ക്യൂ ആർ കോഡുകളുള്ള ഐ.ഡി കാർഡുകൾ നല്കിയിട്ടുണ്ട്. വോട്ടർമാരുടെ വിരലിൽ മാർക്കർ പേനകൊണ്ട് വോട്ട് ചെയ്ത ശേഷം മഷിപുരട്ടും. കർണാടകയിലെ ബെല്ലാരി സംഗനകല്ലുവിലുള്ള ഭാരത് ജോഡോ യാത്രയുടെ ക്യാമ്പ് സൈറ്റിൽ രാഹുൽ ഗാന്ധിയും ഒപ്പമുള്ള 46 ജാഥാംഗങ്ങളും വോട്ട് ചെയ്യും. സോണിയാഗാന്ധി, മൻമോഹൻ സിംഗ്, പ്രിയങ്കാഗാന്ധി തുടങ്ങിയ നേതാക്കൾ എ.ഐ.സി.സി ആസ്ഥാനത്തും വോട്ട് രേഖപ്പെടുത്തും. വോട്ടെടുപ്പിനു ശേഷം ബാലറ്റ് പെട്ടികൾ വിമാന മാർഗം ഡൽഹിയിലെത്തിക്കും. ബുധനാഴ്ചയാണ് വോട്ടെണ്ണൽ. ഓരോ സംസ്ഥാനത്ത് നിന്നും സ്ഥാനാർത്ഥികൾക്ക് എത്ര വോട്ട് ലഭിച്ചുവെന്നത് മനസിലാകാതിരിക്കാൻ ബാലറ്റ് പേപ്പറുകൾ കൂട്ടിക്കലർത്തിയാണ് എണ്ണുന്നത്.

Exit mobile version