കേരളത്തിന്‌ വീണ്ടും ദേശീയ അംഗീകാരം.

തിരുവനന്തപുരം:കേരളത്തിന്‌ വീണ്ടും ദേശീയ അംഗീകാരം. രാജ്യത്ത്‌ തൊഴിലാളികൾക്ക് ഏറ്റവും കൂടിയ ദിവസവേതനം നൽകുന്ന സംസ്ഥാനം കേരളമാണെന്ന്‌ റിസർവ് ബാങ്ക്‌ റിപ്പോർട്ട്‌. ബാങ്ക് പുറത്തിറക്കിയ വാർഷിക ഹാൻഡ്‌ ബുക്കിലാണ്‌ ഈ നേട്ടം രേഖപ്പെടുത്തിയത്‌. കഴിഞ്ഞ വർഷവും കേരളമായിരുന്നു മുന്നിൽ. രാജ്യത്തെ മികച്ച പൊതു വിദ്യാഭ്യാസ മേഖലയ്‌ക്കുള്ള കേന്ദ്ര അംഗീകാരം കഴിഞ്ഞ ദിവസം ലഭിച്ചതിന്‌ തൊട്ടുപിന്നാലെയുള്ള ഈ ബഹുമതി ഇരട്ടി മധുരമായി. കേരളം തൊഴിലാളികളെ ചേർത്തുപിടിക്കുന്നതിനുള്ള തെളിവുകൂടിയാണ്‌ ആർബിഐ കണക്ക്‌.

ഇന്ത്യൻ സംസ്ഥാനങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 2022 സാമ്പത്തിക വർഷത്തിൽ കേരളത്തിലെ നിർമാണത്തൊഴിലാളികളുടെ ശരാശരി പ്രതിദിന വേതനം 837.30 രൂപയാണ്‌. കഴിഞ്ഞ വർഷവും ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കേരളത്തിൽ ശരാശരി ദിവസ കൂലി 677. 60 രൂപയായിരുന്നു. ഒരുവർഷം കൊണ്ട്‌ സംസ്ഥാനത്ത്‌ ദിവസവേതനം 159.70 രൂപ വർധിച്ചു. ഇത്‌ സർവകലാ റെക്കോഡാണ്‌. ഏറ്റവും കുറഞ്ഞ വേതനം ലഭിക്കുന്ന സംസ്ഥാനങ്ങളായ ത്രിപുരയിയിലും മധ്യപ്രദേശിലും ഉള്ളതിന്റെ മൂന്നിരട്ടിയിലധികമാണ് കേരളത്തിലെ വേതനം.

കേരളത്തിൽ ജോലി ചെയ്യുന്ന നിർമാണത്തൊഴിലാളിക്ക് പ്രതിദിനം ശരാശരി 837.30 രൂപ ലഭിക്കുമ്പോൾ ത്രിപുരയിൽ 250 രൂപയും മധ്യപ്രദേശിൽ 267 രൂപയും ഗുജറാത്തിൽ 296 രൂപയും മഹാരാഷ്ട്രയിൽ 362 രൂപയുമാണ്‌.  ജമ്മു കശ്മീരിൽ ഇത്‌ 519 രൂപയാണ്‌. തമിഴ്‌നാട്‌–- 478 രൂപ.  ഹിമാചൽ പ്രദേശിൽ–- 462 രൂപ, ഹരിയാനയിൽ–- 420,   ആന്ധ്രപ്രദേശ്–-  409 രൂപ. കാർഷിക,  കാർഷികേതര വിഭാഗങ്ങളുടെ കാര്യത്തിലും  ഏറ്റവും കൂടുതൽ വേതനം  ലഭിക്കുന്നത്‌ കേരളത്തിലാണ്‌. തൊട്ടുപിന്നിൽ ഹിമാചൽ പ്രദേശ്‌..

Exit mobile version