കേരളത്തിന്റെ സമരവീര്യം വിഎസ് അച്യുതാനന്ദന് ഇന്ന് നൂറാം പിറന്നാൾ.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തലമുതിർന്ന നേതാവായി, കേരളത്തിന്റെ മുഖ്യമന്ത്രിയായി, ജനങ്ങളുടെ മനസിലെ വിഎസ് ആയി ജനങ്ങൾ നെഞ്ചേറ്റിയ നേതാവിന് ഇന്ന് നൂറ് വയസ് തികയുകയാണ്. സമരപോരാട്ടങ്ങളുടെ കനൽവഴികൾ താണ്ടിയ രാഷ്ട്രീയ ജീവിതമായിരുന്നു വിഎസിന്റേത്.വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വിഎസ് അച്യുതാനന്ദൻ 1923  ഒക്ടോബർ 20ന് ശങ്കരന്റെയും അക്കാമ്മയുടെയും മകനായി തിരുവിതാംകൂറിലെ ആലപ്പുഴയിലെ (ഇന്നത്തെ കേരള സംസ്ഥാനത്തിന്റെ ഭാഗം) പുന്നപ്രയിലാണ് ജനനം. 2006 മുതൽ 2011 വരെ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന വിഎസ് 82-ാം വയസ്സിൽ മുഖ്യമന്ത്രിയായ ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്നു. മൂന്ന് തവണ പ്രതിപക്ഷ നേതാവായിരുന്നു. വ്യക്തിജീവിതത്തിലെ കഷ്ടപ്പാടുകളെയും പ്രതിസന്ധികളെയും നെഞ്ചുറപ്പോടെ നേരിട്ട വ്യക്തിത്വം. അദ്ദേഹത്തിന് നാല് വയസ്സുള്ളപ്പോൾ വസൂരി രോ​ഗം ബാധിച്ച് അമ്മ മരിച്ചു. 11 വയസ്സുള്ളപ്പോൾ പിതാവിനെ നഷ്ടപ്പെട്ടു. ഏഴാം ക്ലാസ് പൂർത്തിയാക്കിയ പഠനം. ഒരു തയ്യൽക്കടയിൽ തന്റെ ജ്യേഷ്ഠനെ സഹായിച്ചുകൊണ്ടാണ് അദ്ദേഹം ജീവിതത്തോട് പൊരുതാൻ ആരംഭിച്ചത്. പിന്നീട് ഒരു കയർ ഫാക്ടറിയിൽ ജോലിയിൽ പ്രവേശിച്ചു.

ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം. 1938-ൽ സ്റ്റേറ്റ് കോൺഗ്രസിൽ ചേർന്നു. 1940-ൽ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ) അംഗമായി.1957-ൽ സിപിഐയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായിരുന്നു വിഎസ്. സിപിഐ ദേശീയ കൗൺസിൽ വിട്ട് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) രൂപീകരിച്ച 32 അംഗങ്ങളിൽ ജീവിച്ചിരിക്കുന്ന ഏക വ്യക്തി. കണ്ണേ കരളേ വിഎസേ എന്ന മുദ്രാവാക്യം ജനങ്ങളുടെ മനസിലെ അദ്ദേഹത്തെ സ്ഥാനം വ്യക്തമാക്കുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ , വിഎസ്അച്യുതാനന്ദന് ആശംസകൾ നേർന്നു. ആധുനിക കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ജീവിതമാണ് സഖാവ് വി എസ് അച്യുതാനന്ദന്റേതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ ഇന്നത്തെ കേരളമാക്കി മാറ്റിയെടുക്കുന്നതിൽ വി എസ് അടക്കമുള്ള നേതാക്കൾ വഹിച്ചിട്ടുള്ള പങ്ക് അനിഷേധ്യമാണ്.

Exit mobile version