കെഎസ്ആർടിസിയിൽ പണിമുടക്ക് ആരംഭിച്ചു

കെ എസ് ആർ ടി സിയിലെ ശമ്പള പ്രതിസന്ധിയിൽ പ്രതിഷേധിച്ച്  വിവിധ തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ച പണിമുടക്ക് തുടങ്ങി. അർദ്ധരാത്രി തുടങ്ങിയ പണിമുടക്ക് വെള്ളിയാഴ്ച രാത്രി 12 മണി വരെ നീളും. സമരത്തെ നേരിടാൻ മാനേജ്മെൻറ് ഡയസ് നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. എങ്കിലും പണിമുടക്കിൽ ഉറച്ച് നിൽക്കുന്നതായി ഐ എൻ ടി യു സി, ബി എം എസ്, എ ഐ ടി യു സി യൂണിയനുകൾ അറിയിച്ചിട്ടുണ്ട്.  93 യുണിറ്റുകളിൽ നിന്നായി  പ്രതിദിനം 3700 ഷെഡ്യുളുകളാണ് കെ എസ് ആർ ടി സിക്ക് ഉള്ളത്. ഇതിൽ 40% ത്തോളം ഷെഡ്യൂളുകളെയെങ്കിലും സമരം ബാധിക്കും എന്നാണ് അനുമാനിക്കുന്നത്. ഭരണാനുകൂല സംഘടനയായ സി ഐ ടി യു സമരത്തിൽ നിന്ന് വിട്ടു നിൽക്കുന്നുണ്ടെങ്കിലും കൂടുതൽ ജീവനക്കാർ സമരത്തിന് ഇറങ്ങുകയാണെന്നതും സർവീസുകളെ ബാധിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ യാത്രാ പ്രതിസന്ധി രൂക്ഷമായേക്കും. തെക്കൻ ജില്ലകളിലെയും മലയോര മേഖലകളിലെയും യാത്രക്കാരെയാവും പണിമുടക്ക് കാര്യമായി ബാധിക്കുന്നത്.

Exit mobile version