കൂടൽമാണിക്യം തൃപ്പുത്തരിക്ക് വൻ ഭക്തജന തിരക്ക്: 5000 പേർ പുത്തരി സദ്യയുണ്ടു, നാളെ മുക്കുടി നിവേദ്യം

ഇരിങ്ങാലക്കുട: കൂടൽമാണിക്യം ക്ഷേത്രത്തിലെ തൃപ്പുത്തരിയാഘോഷത്തിന് വൻഭക്തജന തിരക്ക്. പതിവുള്ള ഉച്ചപൂജക്കു ശേഷമായിരുന്നു ഭഗവാന് തൃപ്പുത്തരി നിവേദ്യം. ഒന്നര മണിക്കൂറിലേറെ നീണ്ട പുത്തരി നിവേദ്യപൂജക്ക് തന്ത്രി നഗരമണ്ണ് ത്രിവിക്രമൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു. തുടർന്ന് തെക്കും പടിഞ്ഞാറുമുള്ള ഊട്ടുപുരകളിൽ ഭക്തജനങ്ങൾക്ക് പുത്തരി സദ്യ വിളമ്പി. വഴുതന നിവേദ്യം, അവിയൽ, കാളൻ, മെഴുക്കുപുരട്ടി, രസം, അച്ചാർ, ഉപ്പേരി, പപ്പടം, പഴം നുറുക്ക്, പായസം എന്നീ വിഭവങ്ങളാണ് പുത്തരി സദ്യയിലുണ്ടായിരുന്നത്.  വൈകിട്ട് 4.15വരെ തുടർന്ന സദ്യയിൽ 5000 ത്തോളം പേർ പങ്കെടുത്തു. 

ബുധനാഴ്ച്ചയാണ് പ്രസിദ്ധമായ മുക്കുടി നിവേദ്യം. അവിട്ടം നാളിൽ രാവിലെ ആറ് മണിക്കാണ് മുക്കുടി നിവേദ്യം തയ്യാറാക്കുക .ഇതിലേക്കുള്ള ഔഷധ കൂട്ട് തയ്യാറാക്കുന്നത് വടക്കാഞ്ചേരി കുമരനെല്ലൂർ കുട്ടഞ്ചേരി മുസ്സ് ആണ്. മരുന്നുകൂട്ടുകൾ രഹസ്യമായി നിർമ്മിച്ച് പാതിയരച്ച് ശേഷമാണ് തലേ ദിവസം അദ്ദേഹം കൊണ്ടുവരുന്നത്. പുലർച്ചെ ക്ഷേത്രനട തുറന്നാൽ ദേവസ്വം കൊട്ടിലാക്കലിൽ അമ്മിയിലരച്ച് പാള കൊണ്ടുള്ള പാത്രത്തിലാക്കി ശംഖ് നാദത്തിൻ്റെയും കുത്തുവിളക്കിൻ്റെയും അകമ്പടിയോടെ ക്ഷേത്രത്തിലെത്തിക്കും. അത് കുളമണ്ണിൽ മുസ്സ് ഏറ്റുവാങ്ങി തിടപ്പള്ളിയിൽ കൊടുക്കും. തുടർന്ന് തൈരിൽ കലർത്തി തിളപ്പിച്ച് മുക്കുടി നിവേദ്യമാക്കും. 

ഇത്തവണ മൂവ്വായിരം ലിറ്റർ തൈരിലാണ് മുക്കുടി തയ്യാറാക്കുന്നത്. മൺ കുടുക്കകളിലാക്കിയ മുക്കുടി ആദ്യം ദേവന് നിവേദിക്കും. അണിമംഗലത്ത് മനയിലെ തന്ത്രിയ്ക്കാണ് മുക്കുടി നിവേദിക്കാനുള്ള അവകാശം. ദേവന്  നിവേദിച്ചു കഴിഞ്ഞാൽ രാവിലെ 7 മണിയോടു കൂടി ഭക്തജനങ്ങൾക്ക് വിതരണം ചെയ്യും. മുക്കുടി സേവിച്ചാൽ ഉദരരോഗങ്ങൾ ഉണ്ടാകില്ലെന്നാണ് വിശ്വാസം. ജില്ലക്കകത്തു നിന്നും പുറത്തു നിന്നും ഒട്ടറെ ഭക്തന്മാർ മുക്കുടി സേവിക്കാൻ ക്ഷേത്രത്തിലെത്താറുണ്ട്. പണ്ടുകാലത്ത് കൊച്ചിയിലേയും തിരുവിതാം കൂറിലേയും മഹാരാജാക്കന്മാർക്ക് മുക്കുടി എത്തിക്കുവാൻ പ്രത്യേകം ഏർപ്പാടുകളുണ്ടായിരുന്നു.

തൃപ്പുത്തരി  ആഘോഷങ്ങൾ ഭംഗിയായി നടത്തുവാൻ ദേവസ്വം ചെയർമാൻ യു .പ്രദീപ് മേനോൻ്റെ നേതൃത്വത്തിലുള്ള ഭരണ സമിതിയും ദേവസ്വം ജീവനക്കാരും സത്വര ശ്രദ്ധ പുലർത്തി. 

Exit mobile version