കൂടുതൽ തൊഴിൽ ; വരുന്നു പുതിയ വനിതാനയം , തീരദേശ, ആദിവാസി മേഖലയ്ക്ക് ഊന്നൽ.

കൊച്ചി
തീരദേശ, ആദിവാസി മേഖലകളിലെ സ്‌ത്രീകൾക്ക്‌ കൂടുതൽ തൊഴിലവസരത്തിന്‌ ഊന്നൽനൽകി സംസ്ഥാന സർക്കാർ വനിതാനയം പുതുക്കുന്നു. സ്‌ത്രീകളുടെ ക്ഷേമത്തിനും കൂടുതൽ അവസരങ്ങൾക്കുമുള്ള തീരുമാനങ്ങളും പദ്ധതികളും പുതുക്കിയ നയത്തിലുണ്ടാകും. സംസ്ഥാന സർക്കാരിന്റെ രണ്ടാംവാർഷികത്തോടനുബന്ധിച്ച്‌ നയം പ്രഖ്യാപിക്കും.തീരദേശ, ആദിവാസി മേഖലകളിലെ സ്‌ത്രീകളുടെ വിദ്യാഭ്യാസത്തിനും നൈപുണ്യവികസനത്തിനും സ്വയംപര്യാപ്‌തതയ്‌ക്കും പ്രാധാന്യം നൽകും. സ്വയംതൊഴിൽ സംരംഭങ്ങൾക്ക്‌ ധനസഹായം നൽകാനുള്ള പദ്ധതികളുണ്ടാകും. സൈബർ കുറ്റകൃത്യങ്ങൾ ഉൾപ്പെടെയുള്ള അതിക്രമങ്ങൾക്കെതിരെ ബോധവൽക്കരണ, പ്രതിരോധ ഇടപെടലുകളുമുണ്ടാകും.

നയം പുതുക്കാനുള്ള പ്രവർത്തനങ്ങൾ വനിതാശിശു വികസനവകുപ്പിനുകീഴിലുള്ള 11 അംഗ ജെൻഡർ കൗൺസിൽ ആരംഭിച്ചു. വിദഗ്‌ധ സമിതിയുടെ നേതൃത്വത്തിൽ ആരോഗ്യം, വിദ്യാഭ്യാസം, നിയമം, തീരദേശം, ആദിവാസി മേഖലകളിലെ സ്‌ത്രീകളുടെ വിഷയങ്ങളിൽ പ്രാദേശികചർച്ച തുടങ്ങി.  തീരദേശമേഖല, ന്യൂനപക്ഷം, വിധവകൾ, വയോജനം, വിദ്യാഭ്യാസം (അങ്കണവാടി, പ്രാഥമിക വിദ്യാഭ്യാസം, ഹയർ സെക്കൻഡറി, ടെക്‌നിക്കൽ, പ്രൊഫഷണൽ, ഉന്നതവിദ്യാഭ്യാസം), ആദിവാസിമേഖലയിലെ സ്‌ത്രീകളുടെ വിഷയങ്ങൾ എന്നിവയിൽ കോഴിക്കോട്ടും വയനാട്ടിലും മലപ്പുറത്തും ചർച്ച നടന്നു. നിയമം (സ്‌ത്രീപക്ഷ നിയമങ്ങൾ, സ്‌ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങൾ, സ്‌ത്രീസുരക്ഷ), കായികം, സാംസ്‌കാരികം, മാധ്യമങ്ങൾ എന്നിവയിൽ തിരുവനന്തപുരത്ത്‌ ചർച്ച നടക്കും. ആരോഗ്യരംഗവുമായി ബന്ധപ്പെട്ട ചർച്ച ആലപ്പുഴയിലാണ്‌. ഇതിൽനിന്ന്‌ ശേഖരിക്കുന്ന വിവരങ്ങൾ ഉൾപ്പെടുത്തി വനിതാനയത്തിന്റെ കരട്‌ തയ്യാറാക്കും. രണ്ടുതവണ വിദഗ്‌ധസമിതി ചർച്ച ചെയ്താകും വനിതാശിശു വികസനവകുപ്പിന്‌ റിപ്പോർട്ട്‌ സമർപ്പിക്കുക.  2011ലാണ്‌ ഒടുവിൽ നയം പുതുക്കിയത്‌.

Exit mobile version