കുണ്ടമണ്‍കടവില്‍ സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് തീയിട്ടത് ആര്‍എസ്എസ് സംഘമാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തൽ.

തിരുവനന്തപുരം : കുണ്ടമണ്‍കടവില്‍ സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് തീയിട്ടത് ആര്‍എസ്എസ് സംഘമാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. ആശ്രമം ആക്രമിച്ചവരുടെ സംഘത്തില്‍ മരിച്ച പ്രകാശും ഉള്‍പ്പെട്ടിട്ടുണ്ടെന്നും പ്രകാശ് ഉൾപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ടെന്നുമാണ്‌ സൂചന. പ്രകാശിനൊപ്പം ബൈക്കില്‍ മറ്റൊരാളും ഉണ്ടായിരുന്നെന്നും ക്രൈംബ്രാഞ്ച് പറയുന്നു.

അക്രമിസംഘം എത്തുന്നതിന്റെ ദൃശ്യങ്ങള്‍ രണ്ടിടങ്ങളില്‍ നിന്നായി ക്രൈംബ്രാഞ്ച് ശേഖരിച്ചു. അതേസമയം, പ്രകാശിന്റെ മരണത്തില്‍ അറസ്റ്റിലായവര്‍ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലാണ്. ഇവരെ ക്രൈംബ്രാഞ്ച് സംഘം വിശദമായി ചോദ്യം ചെയ്യും. കസ്റ്റഡിയിലുള്ള പ്രതികളില്‍ ഒരാള്‍ക്ക് പ്രകാശിന്റെ മരണത്തിലും ആശ്രമം കത്തിക്കല്‍ കേസിലും പങ്കുണ്ടെന്നാണ് നിഗമനം.

ആശ്രമത്തിന്‍റെ മുന്നില്‍ വയ്ക്കാന്‍ റീത്ത് എത്തിച്ചത് താനാണെന്ന് പ്രതി മൊഴി നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. റീത്ത് എത്തിച്ചത് കൊച്ചുകുമാര്‍ എന്ന കൃഷ്ണകുമാര്‍ ആണെന്നും ക്രൈംബ്രാഞ്ചിനോട് കൃഷ്ണകുമാര്‍ കുറ്റം സമ്മതിച്ചെന്നും സൂചനയുണ്ട്.

2018 നവംബറിലായിരുന്നു കുണ്ടമണ്‍കടവിലുള്ള സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് അക്രമികള്‍ തീയിട്ടത്. കാര്‍പോര്‍ച്ചുള്‍പ്പെടെ ആശ്രമത്തിന്റെ മുന്‍വശവും അവിടെയുണ്ടായിരുന്ന നാല് വാഹനങ്ങളുമാണ് ആക്രമത്തിൽ കത്തിയമര്‍ന്നത്. 50 കോടിയിലധികം രൂപയുടെ നാശനഷ്‌ട‌മുണ്ടായതായാണ് കണക്ക്.


Exit mobile version