കൊച്ചി: കേരളത്തെ ഞെട്ടിച്ചുകൊണ്ട് കളമശ്ശേരിയിൽ യഹോവയുടെ സാക്ഷികളുടെ മേഖലാ കൺവെൻഷനിടെ നടന്ന ബോംബ്സ്ഫോടനത്തിൽ മരണം മൂന്നായി. സ്ഫോടനത്തിൽ 51 പേർക്ക് പരിക്കേറ്റതായിട്ടാണ് റിപ്പോർട്ട്. സാമ്ര കൺവെൻഷൻ സെന്ററിൽ പ്രാർഥനയ്ക്കിടെ സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് മൂന്ന് സ്ഫോടനങ്ങൾ ഉണ്ടായത്. സംഘടിത ഭീകരാക്രമണമെന്ന സംശയമുണർത്തിയെങ്കിലും യഹോവ സാക്ഷികളുടെ വിശ്വാസികളിലൊരാളായിരുന്ന ചെലവന്നൂർ വേലിക്കകത്ത് വീട്ടിൽ മാർട്ടിൻ ഡൊമിനിക് ആണ് സ്ഫോടനം നടത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. താനാണ് സ്ഫോടനം നടത്തിയതെന്ന് അവകാശപ്പെട്ട് മാർട്ടിൻ ഡൊമിനിക് തൃശ്ശൂർ കൊടകര സ്റ്റേഷനിൽ കീഴടങ്ങി. അതിന് മുന്നേ സ്ഫോടനത്തിന്റെ ഉത്തരവാദിത്വമേറ്റു കൊണ്ടുള്ള വീഡിയോയും ഇയാൾ സാമൂഹിക മാധ്യമത്തിൽ പങ്കുവെചിരുന്നു. ഇയാൾ കൊച്ചി തമ്മനത്ത് വാടകയ്ക്ക് താമസിക്കുകയാണ്. സ്ഫോടനം നടത്താനുപയോഗിച്ച റിമോർട്ട് കൺട്രോൾ ഉൾപ്പെടെ വീട്ടിൽനിന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇയാളെ ചോദ്യംചെയ്തു വരികയാണ്. യുഎപിഎ ഉൾപ്പെടെ ചുമത്തി ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവ്വ കക്ഷിയോഗം ഇന്ന് രാവിലെ 10 മണിക്കാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരുന്നത്. ഇതിനായി എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളേയും ക്ഷണിച്ചിട്ടുണ്ട്. സ്ഫോടനത്തിനെ തുടര്‍ന്ന് സമൂഹമാധ്യമ ഇടപെടലുകളിലും വിദ്വേഷ പ്രചരണങ്ങളിലും പുലര്‍ത്തേണ്ട ജാഗ്രത അടക്കമുള്ളവ ഇന്ന് യോഗത്തില്‍ ചര്‍ച്ചയാകും. ഇത്തരം സന്ദർഭങ്ങളിൽ സാമൂഹിക മാധ്യമ ഇടപെടലുകളിൽ പുലര്‍ത്തേണ്ട ജാഗ്രതയും യോഗം ചർച്ച ചെയ്യും. പിന്നാലെ സര്‍വ്വ കക്ഷി വാര്‍ത്താ സമ്മേളനവും നടക്കും.