കലാമണ്ഡലത്തെ ലോകോത്തരമാക്കും : മല്ലിക സാരാഭായി.

തൃശൂർ:കേരള കലാമണ്ഡലത്തെ ലോകോത്തരവും സ്വയംപര്യാപ്തവുമാക്കാനുമുള്ള പദ്ധതികൾക്ക്‌ രൂപം നൽകുമെന്ന്‌ കലാമണ്ഡലം കൽപ്പിത സർവകലാശാലാ ചാൻസിലർ മല്ലികാസാരാഭായി. കലയ്‌ക്കുപുറമെ സാംസ്‌കാരിക, ടൂറിസം മേഖലകളിലെ സാധ്യതകളെല്ലാം ഉപയോഗപ്പെടുത്തും. സർക്കാർ ഫണ്ടിനെ മാത്രം ആശ്രയിക്കുന്ന സ്ഥിതിമാറണമെന്നും അവർ തൃശൂർ പ്രസ്‌ ക്ലബ്ബിൽ മുഖാമുഖത്തിൽ പറഞ്ഞു.

മിത്തുകൾ അടിസ്ഥാനമാക്കിയുള്ള നൃത്തസൃഷ്ടികളിലൂടെ സ്ത്രീകളുടെ ശബ്ദം പുറത്തെത്തിക്കാനാണ് ശ്രമിക്കുന്നത്. കലയിൽ മത, രാഷ്‌ട്രീയ കൈകടത്തൽ ബുദ്ധിമുട്ടുണ്ടാക്കും. മോദി സർക്കാരിനെതിരെ ശബ്ദിക്കുന്നതുകൊണ്ടും നിലപാടുകൾ തുറന്നുപറയുന്നതുകൊണ്ടും നൃത്തവേദികൾക്ക്‌ വിലക്കേർപ്പെടുത്തുന്നു. കലാമണ്ഡലത്തിലെ നൃത്തസംഗീതോത്സവത്തിനൊടുവിൽ കുട്ടികൾ ഡാൻസ് പാർട്ടി നടത്തിയെന്ന ആരോപണങ്ങൾ സ്ഥാപനത്തെ ബാധിക്കില്ല. കുട്ടികൾ എല്ലാവരുംചേർന്ന്‌ നൃത്തംചെയ്‌തതിന്‌ പല വ്യാഖ്യാനങ്ങൾവന്നു. സദാചാരത്തോടെ മാത്രം കാര്യങ്ങളെ കാണുന്നവരാണ്‌ ഇത്തരം വിവാദങ്ങൾക്ക്‌ തിരികൊളുത്തുന്നത്‌. കാലഘട്ടം മാറി. ആളുകളുടെ ചിന്തകളും മാറേണ്ടതുണ്ട്‌–- മല്ലിക സാരാഭായി പറഞ്ഞു.

കലാമണ്ഡലം വൈസ്‌ ചാൻസിലർ ടി കെ നാരായണൻ, രജിസ്‌ട്രാർ പി രാജേഷ്‌ കുമാർ,  പ്രസ്‌ ക്ലബ്‌ സെക്രട്ടറി പോൾ മാത്യു,  പ്രസിഡന്റ്‌ ഒ രാധിക എന്നിവർ പങ്കെടുത്തു.

Exit mobile version