കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണ കേസിൽ റിമാൻഡിൽ കഴിയുന്ന പി ആർ അരവിന്ദാക്ഷനും സി കെ ജിൽസിനും ജാമ്യം ലഭിച്ചില്ല.

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണ കേസിൽ റിമാൻഡിൽ കഴിയുന്ന സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനുമായ പി ആർ അരവിന്ദാക്ഷന്റെയും ബാങ്കിലെ മുൻ സീനിയര്‍ അക്കൗണ്ടന്‍റായ സി കെ ജിൽസിന്റെയും ജാമ്യാപേക്ഷ എറണാകുളം പിഎംഎൽഎ വിചാരണാകോടതി തള്ളി. പി ആർ അരവിന്ദാക്ഷൻ കള്ളപ്പണം വെളുപ്പിച്ചതായാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്. മുഖ്യപ്രതി പി സതീഷ് കുമാറുമായി അരവിന്ദാക്ഷൻ നടത്തിയ സാമ്പത്തിക ഇടപാടുകളുടെ രേഖകളും ഇത് തെളിയിക്കുന്ന ഫോണ്‍ സംഭാഷണങ്ങളും ഇഡി കോടതിയിൽ ഹാജരാക്കിയിരുന്നു.  അന്വേഷണം തുടരുന്ന സാഹചര്യത്തിൽ പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് ഇഡിയുടെ വാദിച്ചിരുന്നു. എന്നാൽ കള്ളപ്പണം വെളുപ്പിച്ചെന്ന വാദം തെറ്റാണെന്നും  തന്‍റെ അക്കൗണ്ടിലൂടെ നടത്തിയ സാമ്പത്തിക ഇടപാട് ക്വാറി, ഹോട്ടൽ ബിസിനസ് നടന്ന കാലത്തേതാണെന്നും അരവിന്ദാക്ഷനും കോടതിയെ അറിയിച്ചു. സെപ്റ്റംബർ 26 നാണ് ഇഡി അരവിന്ദാക്ഷനെ തൃശ്ശൂരിലെ വീട്ടിൽ വച്ച് അറസ്റ്റ് ചെയ്തത്. 

Exit mobile version