കണ്ണീരോർമകളിൽ മടക്കയാത്ര; ഉള്ളുലച്ച് ഉല്ലാസയാത്രകൾ.

അടിമാലി: ആനക്കുളത്ത് പോകണം… വ്‌ളോഗുകളിൽ മാത്രം കണ്ടിട്ടുള്ള, കൂട്ടമായി വെള്ളം കുടിക്കാനെത്തുന്ന ആനകളെ മതിവരുവോളം കാണണം, ഫോട്ടോയെടുക്കണം. മാങ്കുളത്തേയ്ക്കുള്ള ഒരുദിവസത്തെ വിനോദയാത്രയെക്കുറിച്ച് ടീച്ചർമാർ പറഞ്ഞപ്പോൾ തന്നെ അർജുനും റിച്ചാർഡും ജോയലും ഉൾപ്പെടുന്ന മഞ്ഞപ്ര ജ്യോതിസ് സെൻട്രൽ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികളുടെ പദ്ധതികൾ നിരവധിയായിരുന്നു. യൂട്യൂബ് ചാനലുകളിൽ ആനക്കുളത്തെ ആനക്കൂട്ടത്തിന്റെ ദൃശ്യങ്ങൾ പലതവണ കണ്ടിട്ടുണ്ടെങ്കിലും നേരിട്ടുകാണാനുള്ള ആകാംഷയിലായിരുന്നു പലരും. ഒടുവിൽ ദുരന്തത്തിന്റെ രൂപത്തിൽ വിധി തട്ടിയെടുത്ത മൂന്നുകൂട്ടുകാരുടെ ഓർമകളിൽ കണ്ണീരണിഞ്ഞ് മടക്കയാത്ര.

രാവിലെ ഏഴോടെയാണ് ജ്യോതിസ് സ്‌കൂളിലെ എട്ടും ഒമ്പതും ക്ലാസുകളിലെ വിദ്യാർഥികളും പ്രിൻസിപ്പലടങ്ങുന്ന മൂന്നംഗ അധ്യാപകരും മഞ്ഞപ്രയിൽ നിന്ന് ടൂറിസ്റ്റ് ബസിൽ പുറപ്പെട്ടത്. 10.30 ഓടെ അടിമാലിയിലെത്തിയ സംഘം പ്രഭാതഭക്ഷണത്തിന് ശേഷം മാങ്കുളത്തെത്തി. ഇവിടുത്തെ തൂക്കുപാലവും മലമുകളുമൊക്കെ സന്ദർശിച്ച് നേരെ സവാരി ജീപ്പുകളിൽ ആനക്കുളത്തെത്തിയെങ്കിലും ആനകൾ ഉണ്ടായിരുന്നില്ല. വേനൽക്കാലത്ത് പകൽസമയങ്ങളിലും ആനകൾ എത്താറുണ്ടെന്ന വിവരത്തെ തുടർന്നാണ് ഇവിടെയെത്തിയത്. എന്നാൽ സാധാരണയായി ആനകൾ എത്താറുള്ള വൈകുന്നേരം ഇവിടേയ്ക്ക് വീണ്ടും മടങ്ങിവരാമെന്നുള്ള ഉദ്ദേശത്തിൽ വലിയപാറക്കുട്ടിയിലേക്ക് തിരിച്ചു.നല്ലതണ്ണിയാറിൽ മുട്ടോളം മാത്രം വെള്ളമുള്ളതിനാലാണ് ഇറങ്ങിക്കുളിക്കാൻ അധ്യാപകർ അനുവദിച്ചത്. തുടർന്ന് കൂട്ടുകാർ സംഘം ചേർന്ന് വെള്ളത്തിലിറങ്ങുകയായിരുന്നു.അർജുനും റിച്ചാർഡും ജോയലുമടങ്ങുന്ന അഞ്ചംഗ സംഘം കൈപിടിച്ച് വെള്ളത്തിലിറങ്ങി നീന്തുകയായിരുന്നു. നീന്തി മുന്നോട്ടുനീങ്ങുന്നതിനിടെയാണ് ആഴമേറിയ നിലയില്ലാക്കയത്തിൽ അകപ്പെട്ടത്. ശബ്ദം കേട്ട് വെള്ളത്തിൽ മറുഭാഗത്ത് ഉണ്ടായിരുന്ന സഹപാഠികൾ പാഞ്ഞെത്തിയെങ്കിലും മൂവരും മുങ്ങിത്താഴുകയായിരുന്നു. മറ്റ് രണ്ടുപേരെ വലിച്ചുകയറ്റി രക്ഷപ്പെടുത്തി. വിദ്യാർഥികളുടെ നിലവിളി കേട്ട് പ്രദേശവാസികളായ ഡ്രൈവർമാർ ഉൾപ്പെടെയുള്ളവർ ഓടിയെത്തി. രക്ഷാപ്രവർത്തനത്തിൽ മുന്നിട്ടിറങ്ങിയതും വിദ്യാർഥികളായിരുന്നു. 15 മിനിറ്റിനുള്ളിൽ മുവരെയും കയത്തിൽ നിന്ന് പുറത്തെത്തിച്ചെങ്കിലും റിച്ചാർഡും ജോയലും സംഭവസ്ഥലത്തും അർജുൻ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയും മരിച്ചു. സംഭവത്തെ തുടർന്ന് പരിഭ്രാന്തിയിലായ കുട്ടികളെ ടൂറിസ്റ്റ് ബസിലും മറ്റ് വാഹനങ്ങളിലുമായി അടിമാലി കാർമൽഗിരി കോൺവന്റിലെത്തിച്ചു. തുടർന്ന് കുട്ടികളുടെ മാതാപിതാക്കളെ വിവരമറിയിച്ചു.

Exit mobile version