കക്കി അണക്കെട്ട് നാളെ രാവിലെ 11ന് തുറക്കും

പത്തനംതിട്ട : കക്കി അണക്കെട്ട് തിങ്കളാഴ്ച്ച രാവിലെ 11ന് തുറക്കും. സംസ്ഥാന റൂൾലെവൽ മോണിറ്ററിംഗ്  കമ്മിറ്റിയുടെ നിർദേശം  അനുസരിച്ചാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഡാം തുറക്കാൻ തീരുമാനിച്ചത്. ഡാം തുറക്കുന്നതിന് മുന്നോടിയായുള്ള സാഹചര്യങ്ങൾ ജില്ലാ ഭരണകൂടം വിലയിരുത്തി.  നാല് ഷട്ടറുകൾ മുപ്പത് മുതൽ അറുപത് സെ മി വരെ ഉയർത്തി 100 ക്യുമെക്സ് വരെ വെള്ളം ക്രമാനുഗതമായി ഒഴുക്കാനാണ് തീരുമാനം

981.46 മീറ്ററാണ് കക്കി ഡാമിൻ്റെ പരമാവധി സംഭരണശേഷി. എന്നാൽ ഡാമുകളുടെ വൃഷ്ടി പ്രദേശത്ത് മഴ ശക്തമാണെങ്കിലും ജനസാന്ദ്രതയുള്ള മേഖലയിൽ മഴ ഇല്ലയെന്നത് ആശ്വാസകരമാണ്. നദി തീരങ്ങളിലുള്ളവർ കർശനമായ ജാഗ്രത പാലിക്കുന്നതിനൊപ്പം ആവശ്യമെങ്കിൽ സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറണം. യാതൊരു കാരണവശാലും സാഹസികതയ്ക്ക് മുതിരരുത്.  അതോടൊപ്പം  നദികളിൽ ഇറങ്ങുകയോ മുറിച്ചു കടക്കാനോ പാടില്ല. രണ്ട് മണിക്കൂർ കൊണ്ട് വെള്ളം പമ്പാ ത്രിവേണിയിലും ആറു മണിക്കൂർ കൊണ്ട് റാന്നിയിലും എത്തിച്ചേരും എന്നാണ് കണക്ക് കൂട്ടുന്നത്. നദിയിൽ പരമാവധി 15 സെ മി വെള്ള നില ഉയരുന്ന നിലയിലാണ് ഷട്ടറുകൾ തുറക്കുന്നത്.

റാന്നി, കോഴഞ്ചേരി, തിരുവല്ല എന്നീ താലൂക്കുകളിൽപ്പെട്ട വെള്ളമെത്താൻ സാധ്യതയുള്ള  പഞ്ചായത്തുകളിൽ ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്കാനുള്ള  നടപടികൾ  സ്വീകരിച്ചു. ഡാം തുറക്കുന്നതിന് മുന്നോടിയായി സുരക്ഷിതമായ ജാഗ്രത നിർദ്ദേശം നൽകുന്നതിനോടൊപ്പം ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനും വേണ്ട ക്രമീകരണങ്ങൾ  ആരംഭിച്ചിട്ടുണ്ട്.

Exit mobile version