വയനാട്\ പത്തനംതിട്ട: രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് അടിച്ചു തകർത്ത സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പഴ്സണൽ സ്റ്റാഫും പ്രതി. തുടക്കം മുതൽ പാർട്ടി ഇടപെട്ട് മന്ത്രിയുടെ സ്റ്റാഫിൽ ഉൾപ്പെടുത്തിയ കെ.ആർ അഭിഷിത്ത് ആണ് എംപിയുടെ ഓഫീസ് ആക്രമിച്ച സംഘത്തിലെ വിവാദനായകൻ. എസ്എഫ്ഐ വയനാട് ജില്ലാ വൈസ് പ്രസിഡന്റായിരുന്നു ഇയാൾ.
പാർട്ടി ഇടപെട്ടാണ് അഭിഷിത്തിനെ മന്ത്രിയുടെ പഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തിയത്. ഇയാൾ തന്റെ പഴ്സണൽ സ്റ്റാഫിലുണ്ടായിരുന്നെങ്കിലും അടുത്ത കാലത്ത് രാജിവച്ച് പോയെന്നാണ് മന്ത്രി പത്തനംതിട്ടയിൽ വിശദമാക്കിയത്. സംഘടനാ പ്രവർത്തനങ്ങൾക്കായിരുന്നു രാജി എന്നും മന്ത്രി പറയുന്നു. അതേ സമയം, കഴിഞ്ഞ മാസത്തെ ശമ്പളം പോലും കൈപ്പറ്റിയ അഭിഷിത്തിനെ രക്ഷിക്കാനുള്ള നീക്കത്തിലാണു പാർട്ടി. ഇയാളെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് വയനാട് ജില്ലാ കമ്മിറ്റി പൊലീസിനു മേൽ സമ്മർദം നടത്തുകയാണ്. ഓഫീസ് ആക്രമിച്ച സംഘത്തിൽ ഇയാളുമുണ്ടെന്ന വിലയിരുത്തലിൽ പൊലീസ് ഇയാളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
എസ്എഫ്ഐ ജില്ലാ പ്രസിഡൻ്റ് ജോയൽ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവർക്കൊപ്പമാണ് ഇയാളും അറസ്റ്റിലായത്. അതുകൊണ്ടു തന്നെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള സാധ്യത ഏറെയാണ്. അതിനിടെ, രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകർത്ത സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നു. കേസിൽ 19 എസ്എഫ്ഐ പ്രവർത്തകരെയാണ് പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്.