ഓടിക്കൊണ്ടിരിക്കെ ആലപ്പുഴ–കണ്ണൂർ എക്‌സിക്യൂട്ടീവ്‌ എക്‌സ്‌പ്രസിൽ യാത്രക്കാരെ പെട്രോൾ ഒഴിച്ച്‌ തീവച്ച സംഭവത്തിൽ വൻ ദുരന്തം ഒഴിവായത്‌ തലനാരിഴയ്‌ക്ക്‌.

കോഴിക്കോട്‌:ഓടിക്കൊണ്ടിരിക്കെ ആലപ്പുഴ–കണ്ണൂർ എക്‌സിക്യൂട്ടീവ്‌ എക്‌സ്‌പ്രസിൽ യാത്രക്കാരെ പെട്രോൾ ഒഴിച്ച്‌ തീവച്ച സംഭവത്തിൽ വൻ ദുരന്തം ഒഴിവായത്‌ തലനാരിഴയ്‌ക്ക്‌. അക്രമം നടന്ന എലത്തൂർ റെയിൽവേ സ്‌റ്റേഷനുസമീപം റെയിൽവേ ട്രാക്കിനോടുചേർന്നാണ്‌ ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ സംഭരണശാലയുള്ളത്‌. സ്‌റ്റേഷന്‌ എതിർവശം ഗുഡ്‌സ്‌ ട്രെയിനുകളിൽ എത്തിക്കുന്ന പെട്രോളിയം ഉൽപ്പന്നങ്ങൾ ടാങ്കിൽ ശേഖരിച്ച്‌ പൈപ്പ്‌ ലൈൻ വഴി റെയിൽവേ ട്രാക്കിന്‌ അടിയിലൂടെ എതിർവശത്തുള്ള പ്ലാന്റിൽ എത്തിച്ചാണ്‌ വിതരണം. ദൃക്‌സാക്ഷി മൊഴി അനുസരിച്ച്‌ ഈ ഭാഗത്തുവച്ചാണ്‌ ട്രെയിനിൽ തീപടരുന്നത്‌. ബോഗികളിൽനിന്ന്‌ തീ പുറത്തേക്ക്‌ പടർന്നിരുന്നെങ്കിൽ ഇന്ധന പ്ലാന്റിലേക്ക്‌ പടരാനുള്ള സാധ്യതയുണ്ടായിരുന്നു.

ട്രെയിൻ രാത്രി 9.24ന്‌ എലത്തൂർ സ്‌റ്റേഷൻ പിന്നിട്ട ഉടനെയായിരുന്നു  ആക്രമണം. പലരും ഉറക്കത്തിലായിരുന്നു. ഡി1  കംപാർട്ട്‌മെന്റിന്റെ ശുചിമുറിക്ക്‌ സമീപത്തുനിന്നാണ്‌ അക്രമി പെട്രോൾ നിറച്ച ബോട്ടിൽ യാത്രക്കാർക്കുനേരെ വീശിയത്‌.  പ്രതി ഉടനെ തീകൊളുത്തുകയുംചെയ്‌തു. ഗുരുതരമായി പൊള്ളലേറ്റ അനിൽകുമാർ ശുചിമുറിയിൽ കയറി വെള്ളം ഒഴിച്ചതിനാൽ കൂടുതൽ യാത്രക്കാരിലേക്ക്‌ തീപടരുന്നത്‌ ഒഴിവായി.

Exit mobile version