ഒരു മത്സരം പോലും തോൽക്കാതെ ഇന്ത്യയുടെ സെമി പ്രവേശനം.

റണ്ണൊഴുക്കിന്റെ ആവേശപ്പൂത്തിരിയിൽ മറ്റൊരു ആധികാരിക ജയംകൂടി. ഏകദിന ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ ഇന്ത്യയ്ക്ക് 160 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ഇന്ത്യ ഉയര്‍ത്തിയ 411 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നെതര്‍ലന്‍ഡ്‌സിന് 47.5 ഓവറില്‍ 250 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. ഇതോടെ ലീഗ് സ്‌റ്റേജില്‍ കളിച്ച 9 മത്സരങ്ങളും ഇന്ത്യ വിജയിച്ചു. ആത്മവിശ്വാസത്തേരിൽ പറക്കുകയാണ് ഇന്ത്യ.

നെതർലൻഡ്സിനെതിരെ ആദ്യ അഞ്ച് ബാറ്റർമാർ 50 റൺ കടന്നപ്പോൾ ശ്രേയസ് അയ്യരും കെ എൽ രാഹുലുമാണ് സെഞ്ചുറി നേടിയത്. ശ്രേയസ് 94 പന്തിൽ 128 റണ്ണുമായി പുറത്തായില്ല. 64 പന്തിൽ 102 റൺ നേടി അവസാന പന്തിന് തൊട്ടുമുമ്പാണ് രാഹുൽ മടങ്ങിയത്. ഓപ്പണർമാരായ ക്യാപ്റ്റൻ രോഹിത് ശർമയും (54 പന്തിൽ 61) ശുഭ്മാൻ ഗില്ലും (32 പന്തിൽ 51) അടിത്തറയിട്ടു. വിരാട് കോഹ്‌ലിയും (51) മോശമാക്കിയില്ല. ലോകകപ്പിൽ ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ സ്കോറാണ്.

റണ്ണടിയിൽ നിരവധി റെക്കോഡുകളാണ് ഇന്ത്യ പുതുക്കിയത്. ആദ്യ അഞ്ച് ബാറ്റർമാർ 50 റണ്ണടിച്ച ചരിത്രം മുമ്പൊരു ലോകകപ്പിനുമില്ല. ഒറ്റ ലോകകപ്പിൽ ഒമ്പത് ജയം ആദ്യം. കൂറ്റൻ റൺമലയ്‌ക്കുമുന്നിൽ ഡച്ചുകാർക്ക്‌ ഒന്നുംചെയ്യാനുണ്ടായില്ല. തേജ നിദാമാനുരുവാണ് (39 പന്തിൽ 54) ടോപ്‌സ്‌കോറർ.   15ന്‌ ആദ്യ സെമിയിൽ ഇന്ത്യ ന്യൂസിലൻഡിനെയും 16ന്‌ ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയയെയും നേരിടും.

Exit mobile version