ഏഴ്‌ ജില്ലകളിൽ 42 വർഷത്തെ റെക്കോഡ്‌ ചൂട്‌ ; വരൾച്ചയ്‌ക്ക്‌ സാധ്യത ; 6–14 ശതമാനം വിളവ്‌ നഷ്‌ടം.

കോഴിക്കോട്‌:സംസ്ഥാനത്ത്‌ ചൂട്‌ റെക്കോഡ്‌ വേഗത്തിൽ കുതിക്കുന്നു. ഏഴ്‌ ജില്ലകളിൽ  42 വർഷത്തിനിടയിലെ  ഉയർന്ന ചൂട്‌ രേഖപ്പെടുത്തിയതായി സിഡബ്ല്യുആർഡിഎം (സെന്റർ ഫോർ വാട്ടർ റിസോഴ്‌സസ്‌ ഡെവലപ്‌മെന്റ്‌ ആൻഡ്‌ മാനേജ്‌മെന്റ്‌) പഠനത്തിൽ കണ്ടെത്തി. ജനുവരി, ഫെബ്രുവരി, മാർച്ച്‌ മാസങ്ങളിലെ ശരാശരി ചൂടിൽ  0.2 ഡിഗ്രി മുതൽ 1.6 ഡിഗ്രി സെൽഷ്യസ്‌ വരെയാണ്‌ വർധന. ആലപ്പുഴ, കോഴിക്കോട്‌, വയനാട്‌, പാലക്കാട്‌, കണ്ണൂർ, കാസർകോട്‌, കോട്ടയം  ജില്ലകളിലാണ്‌ ചൂട്‌ മുൻവർഷങ്ങളെ അപേക്ഷിച്ച്‌ കൂടുന്നത്‌.

കാലാവസ്ഥാവ്യതിയാനമാണ്‌ താപനില വർധനയ്‌ക്ക്‌ കാരണമെന്ന്‌ സിഡബ്ല്യുആർഡിഎം പ്രിൻസിപ്പൽ സയന്റിസ്‌റ്റ്‌ ഡോ. യു സുരേന്ദ്രൻ പറഞ്ഞു. വരും മാസങ്ങളിലും വർഷങ്ങളിലും ചൂട്‌ കൂടാനും വരൾച്ചയുണ്ടാകാനും സാധ്യതയുള്ളതായും അദ്ദേഹം സൂചിപ്പിച്ചു. മുൻവർഷങ്ങളിലെ  താപനിലകളുടെ ശരാശരി പരിശോധിച്ചതിലാണ്‌ വർധന കണ്ടെത്തിയത്‌. കൂടുതൽ വർധന ആലപ്പുഴയിലാണ്‌. 1.6 ഡിഗ്രി സെൽഷ്യസ്‌. ഇതോടൊപ്പം പ്രത്യേക മാതൃക ഉപയോഗിച്ച്‌ നടത്തിയ പഠനത്തിൽ വരും മാസങ്ങളിൽ  വരൾച്ചാസാധ്യതയും കണ്ടെത്തി. ഉയർന്ന താപനില വിളകളിൽ സങ്കീർണവും ദൂരവ്യാപകവുമായ സ്വാധീനമുണ്ടാക്കും. നെല്ല്, ചീര, പയർ, കാപ്പി തുടങ്ങിയ വിളകളിൽ  6––14 ശതമാനം വിളവ് നഷ്‌ടപ്പെടാമെന്നും പഠനത്തിൽ പറയുന്നു.  ഉയർന്ന താപനിലയുടെ ആഘാതം ലഘൂകരിക്കാൻ  ജലസേചന പരിപാലനം, തണൽ പരിപാലനം, വിള തെരഞ്ഞെടുക്കൽ തുടങ്ങിയ മാർഗങ്ങൾ നടപ്പാക്കണമെന്നും പഠനം നിർദേശിക്കുന്നു.

Exit mobile version